ചെന്നൈ: അജിത്ത് കുമാർ നായകനായെത്തിയ 'ഗുഡ് ബാഡ് അഗ്ലി' സിനിമയ്ക്കെതിരേ നടപടിയുമായി സംഗീതസംവിധായകൻ ഇളയരാജ. താൻ ഈണമിട്ട ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഇളയരാജ സിനിമയ്ക്കെതിരേ നിയമ നടപടിയിലേക്കിറങ്ങിയത്.
അഞ്ചു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് നോട്ടീസ് നൽകിയത്. തന്‍റെ മൂന്ന് പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
'നാട്ടുപുര പാട്ട്' എന്ന ചിത്രത്തിലെ 'ഒത്ത രൂപൈ തരേൻ, 'സകലകലാ വല്ലവ' ചിത്രത്തിലെ ഇളമൈ ഇതോ ഇതോ, 'വിക്ര'ത്തിലെ എന്‍ജോഡി മഞ്ഞക്കുരുവി എന്നീ പാട്ടുകളാണ് 'ഗുഡ് ബാഡ് അഗ്ലി'യില്‍ ഉപയോഗിച്ചിരിക്കുന്നത്.
പണം നൽകയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നൽകി.