.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഹരീഷ് റാണ, അന്നും ഇന്നും.
File
ന്യൂഡൽഹി: ഇന്ത്യയിൽ നിയമപരമായി 'നിഷ്ക്രിയ ദയാവധം' (Passive Euthanasia) നടത്താൻ അനുമതി ലഭിച്ച ആദ്യ വ്യക്തിയായ ഹരീഷ് റാണ (31) അന്തരിച്ചു. പത്തു വർഷത്തിലേറെയായി കോമയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച ഡൽഹി എയിംസിൽ വച്ചാണ് വിടവാങ്ങിയത്.
പഞ്ചാബ് സർവകലാശാലയിലെ ബിടെക് വിദ്യാർഥിയായിരുന്ന ഹരീഷ്, 2013-ൽ കെട്ടിടത്തിന്‍റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് അബോധാവസ്ഥയിലായത്. അന്നുമുതൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
അദ്ദേഹത്തിന്‍റെ പരുക്കുകൾ ഭേദമാക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡുകൾ ഐകകണ്ഠ്യേന വിലയിരുത്തിയിരുന്നു. കഴിഞ്ഞ മാർച്ച് 11-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിയിലൂടെയാണ് ഹരീഷിന് നിഷ്ക്രിയ ദയാവധത്തിന് അനുമതി നൽകിയത്.
ജീവൻ നിലനിർത്താൻ സഹായിക്കുന്ന കൃത്രിമ സംവിധാനങ്ങൾ പിൻവലിച്ച് മരണം അനുവദിക്കുന്ന പ്രക്രിയയാണിത്. ഇതിനെത്തുടർന്ന് മാർച്ച് 14-ന് ഹരീഷിനെ എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. ഡോ. സീമ മിശ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന്‍റെ മേൽനോട്ടത്തിൽ ഘട്ടംഘട്ടമായി കൃത്രിമ ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കുകയായിരുന്നു.
കുടുംബത്തിന്‍റെ നിലപാട്
വർഷങ്ങളായുള്ള ഹരീഷിന്‍റെ ദുരിതം അവസാനിപ്പിക്കാനും അവന്‍റെ അന്തസ്സ് വീണ്ടെടുക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് പിതാവ് അശോക് റാണ പറഞ്ഞു. സമാന സാഹചര്യങ്ങൾ നേരിടുന്ന മറ്റ് കുടുംബങ്ങൾക്കും ഈ വിധി മാതൃകയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഹരീഷിനെ ഇത്രയും കാലം സ്നേഹത്തോടെ പരിചരിച്ച മാതാപിതാക്കളെ കോടതി പ്രത്യേകം അഭിനന്ദിച്ചിരുന്നു.
അരുണ ഷാൻബാഗിന് വേണ്ടി 2011-ൽ ദയാവധത്തിന് അപേക്ഷ നൽകിയ പത്രപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ പിങ്കി വിരാനി എയിംസിലെ ഡോക്റ്റർമാർക്ക് നന്ദി അറിയിച്ചു.
"ഹരീഷ് റാണ സമാധാനമായി വിശ്രമിക്കട്ടെ. അന്തസ്സോടെ മരിക്കാനുള്ള അവകാശം അനുവദിച്ച സുപ്രീം കോടതിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. മരണം അന്തസ്സുള്ളതാക്കാൻ ഓരോരുത്തരും തങ്ങളുടെ താല്പര്യം മുൻകൂട്ടി അറിയിക്കുന്നത് ഇത്തരം ഘട്ടങ്ങളിൽ കുടുംബാംഗങ്ങളുടെ മാനസിക വിഷമം കുറയ്ക്കാൻ സഹായിക്കും," അവർ പറഞ്ഞു.
നിയമപരമായ പ്രാധാന്യം
ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരീഷിന്‍റെ കാര്യത്തിൽ വിധി പറഞ്ഞത്. ദയാവധവുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമനിർമ്മാണം നടത്താൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം മൗലികാവകാശമാണെന്ന് 2018-ലെ 'കോമൺ കോസ്' വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.