വിമാനം വരെ വീഴ്ത്തുന്ന ലേസർ ആയുധവുമായി ഇന്ത്യ | Video
ന്യൂഡൽഹി: വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും തകർക്കാൻ ശേഷിയുള്ള ലേസർ ആയുധം ഇന്ത്യ ആദ്യമായി വിജയകരമായി പരീക്ഷിച്ചു. രാജ്യത്തിന്‍റെ പ്രതിരോധ സാങ്കേതിക മേഖലയിലെ നിർണായക നാഴികക്കല്ലായി ഇത് വിലയിരുത്തപ്പെടുന്നു.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷനാണ് (DRDO) അത്യാധുനിക ആയുധം വികസിപ്പിച്ചെടുത്തത്. 30 കിലോവാട്ട് ലേസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആയുധത്തിനു നൽകിയിരിക്കുന്ന പേര് ഡ്യൂ (DEW - ഡയറക്റ്റഡ് എനർജി വെപ്പൺ) അഥവാ സൂര്യ എന്നാണ്. വലിയ തോതിൽ ഉത്പാദിപ്പിക്കാനും വിവിധ സൈനിക പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാനുമുള്ള ശേഷി രാജ്യം കൈവരിച്ചുകഴിഞ്ഞു.
യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കു മാത്രമാണ് നിലവിൽ ഇത്തരം ആയുധങ്ങൾ നിർമിക്കാൻ ശേഷിയുള്ളത്. ഇതൊരു യാത്രയുടെ തുടക്കം മാത്രമാണെന്ന് ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി കാമത്.
അഞ്ച് കിലോമീറ്റർ വരെ അകലെ കൂടി പോകുന്ന ശത്രുരാജ്യങ്ങളുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും ഡ്രോണുകളും തകർക്കാൻ ഡ്യൂവിനു സാധിക്കും. തറയിൽനിന്നും കപ്പലുകളിൽനിന്നും ഇതു പ്രയോഗിക്കാനുമാകും.
360 ഡിഗ്രി ഇലക്‌ട്രോ ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് (EO/IR) സെൻസറുകൾ ഉപയോഗിച്ച്, അതിവേഗ മിസൈലുകൾ അടക്കമുള്ള ലക്ഷ്യങ്ങൾ അണുവിട തെറ്റാതെ ഭേദിക്കാനാവും.