യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
getty images
വാഷിങ്ടൺ: തിരിച്ചടി തീരുവയ്ക്ക് പിന്നാലെ ഇന്ത്യ - അമെരിക്ക ഇടക്കാല വ്യാപാര കരാർ ജൂലൈ എട്ടിനുള്ളിൽ പ്രഖ്യാപിച്ചേക്കും. ഇരു രാജ്യങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ പൂർത്തിയായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ടു രാജ്യങ്ങളും ഇതിനകം തന്നെ പ്രധാന കാര്യങ്ങളിൽ ധാരണയിൽ എത്തിയതായാണ് കേന്ദ്ര വാണിജ്യ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കരാറിന് അന്തിമ രൂപം നൽകുന്നതിനായി വാണിജ്യ വകുപ്പിന്‍റെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം നിലവിൽ വാഷിങ്ടണിലാണ്. ഈ ഇടക്കാല കരാർ പ്രധാനമായും കൃഷി, ഓട്ടോമൊബൈൽ, വ്യാവസായിക ഉൽപന്നങ്ങൾ, തൊഴിൽ സാന്ദ്ര ഉൽപാദനങ്ങൾ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ്. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങൾക്കും തൃപ്തികരമായ രീതിയിലുള്ള കരാറിനാണ് ശ്രമം.
ട്രംപ് നടപ്പിലാക്കിയ തിരിച്ചടി തീരുവ നടപ്പാക്കൽ ജൂലൈ ഒന്‍പതിനാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ചില ഉൽപന്നങ്ങൾക്ക് 26 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജൂലൈ ഒൻപത് വരെ ഈ തീരുവ താൽക്കാലികമായി നീക്കിയിട്ടുണ്ട്. ഈ തിയതി അവസാനിക്കുന്നതിനു മുമ്പ് കരാർ ഉണ്ടാക്കണമെന്നുള്ള രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
ഇന്ത്യയുടെ പ്രധാന ആവശ്യം അധികമായി പ്രഖ്യാപിച്ച 26 ശതമാനം തീരുവ പൂർണ ഒഴിവാക്കലിനാണ്. പത്ത് അടിസ്ഥാന തീരുവകളാണ് നിലവിലുള്ളത്. ഇരു രാജ്യങ്ങളും നിലവിലെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായി ഈ ഇടക്കാല കരാറിലേയ്ക്ക് കടക്കുകയാണെന്നും ഒക്റ്റോബറിനുള്ളിൽ ഒരു വ്യാപാര കരാർ(BTA)നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.