പെഷവാർ: ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി ഒടുവിൽ അതേ സുഹൃത്തിനെ വിവാഹം ചെയ്തു.
രാജസ്ഥാൻ സ്വദേശിയും രണ്ടു കുട്ടികളുടെ അമ്മയുമായ അഞ്ജു എന്ന മുപ്പത്തിനാലുകാരിയാണ് ഇസ്ലാം മതം സ്വീകരിച്ച് സുഹൃത്ത് നസറുള്ളയെ വിവാഹം ചെയ്തത്. ഇരുപത്തൊമ്പതുകാരനുമായുള്ള വിവാഹശേഷം ഇരുവരും ഒരുമിച്ചുള്ള വിഡിയൊ ദൃശ്യങ്ങളും ഇവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
നസറുള്ളയുമായി പ്രണയമല്ല, സൗഹൃദം മാത്രമാണുള്ളതെന്നും താൻ ഉടൻ ഇന്ത്യയിലേക്കു മടങ്ങുമെന്നും അഞ്ജു പറഞ്ഞ് 24 മണിക്കൂർ പിന്നിടും മുൻപാണ് വിവാഹവാർത്ത. അഞ്ജുവിനെ വിവാഹം ചെയ്യില്ലെന്ന് നസറുള്ളയും പറഞ്ഞിരുന്നു. മതപരിവർത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും ഇവർ സ്വീകരിച്ചു.
അഞ്ജുവിന്റെ വിസ കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് നസറുള്ള പറഞ്ഞിരുന്നു. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അഞ്ജു കുടുംബാംഗങ്ങൾ അറിയാതെയാണു പാക്കിസ്ഥാനിലെത്തിയത്. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭിവണ്ടി സ്വദേശിയാണ് അഞ്ജു. ഉത്തർ പ്രദേശിൽ ജനിച്ച്, വിവാഹ ശേഷം രാജസ്ഥാനിലേക്ക് താമസം മാറ്റുകയായിരുന്നു.
പാക്കിസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച അഞ്ജുവിനെ ചോദ്യം ചെയ്തിരുന്നു. രേഖകള്‍ കൃത്യമായതിനാൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കെറ്റ് നൽകുകയും ചെയ്തു. ഭാര്യ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ്. 2007ൽ വിവാഹിതരായ ഇവർക്ക് 15 വയസുള്ള മകളും ആറ് വയസുള്ള മകനുമുണ്ട്. കുറച്ച് ദിവസത്തേക്ക് ജയ്പുരില്‍ ഒരു സുഹൃത്തിനെ കാണാൻ പോകുന്നുവെന്നാണ് അഞ്ജു തന്നോടു പറഞ്ഞതെന്ന് അരവിന്ദ്. പാക്കിസ്ഥാനിലെത്തിയശേഷം വിളിച്ചപ്പോഴാണ് താൻ പോലും ഇക്കാര്യം അറിയുന്നതെന്ന് അഞ്ജുവിന്റെ സഹോദരിയും വെളിപ്പെടുത്തിയിരുന്നു.
പാക് യുവതി സീമ ഹൈദർ ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ മീണയെ വിവാഹം ചെയ്യാൻ അനധികൃതമായി ഇന്ത്യയിലെത്തിയത് ഏറെ വിവാദങ്ങൾക്കു വഴിവച്ചിരിക്കെയാണ് ഇന്ത്യൻ യുവതി പാക്കിസ്ഥാനിലേക്കു കടന്നതും വിവാഹിതയായതും.