ഹനുമാൻ ടാറ്റൂ സഹായിച്ചോ? സ്കിൻ കെയർ റുട്ടീൻ പറയാമോ? മോദിയുമായി സംവദിച്ച് വനിതാ ക്രിക്കറ്റ് താരങ്ങൾ
ന്യൂഡൽഹി: വനിതാക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമുമായി സമയം ചെലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യൻ ടീമിന്‍റെ പ്രകടനത്തെ പ്രശംസിച്ചതിനൊപ്പം നിങ്ങൾ പൂർത്തിയാക്കിയത് വളരെ വലിയൊരു കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ക്രിക്കറ്റ് വെറും ഒരു ഗെയിം മാത്രമല്ല. അത് ജനങ്ങളുടെ ജീവിതം തന്നെയാണ്. ക്രിക്കറ്റിൽ എല്ലാ ശരിയായ രീതിയിൽ പോകുകയാണെങ്കിൽ രാജ്യത്തിന് മുഴുവൻ സന്തോഷമായിരിക്കും, ക്രിക്കറ്റിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ രാജ്യം മുഴുവൻ ഉലഞ്ഞു പോകും എന്നും പ്രധാനമന്ത്രി പറഞ്ഞു. ടീം കോച്ച് അമോൽ മജുംദാറും ടീമിനൊപ്പം ഉണ്ടായിരുന്നു. രസകരമായ ചോദ്യങ്ങളുമായാണ് ഇന്ത്യൻ വനിതാ ടീം മോദിയുമായുള്ള കൂടിക്കാഴ്ച ഊഷ്മളമാക്കിയത്.
അവസാനമായി പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത് 2017ലാണ് . അന്ന് പക്ഷേ വേൾഡ് കപ്പ് ട്രോഫി സ്വന്തമാക്കാൻ സാധിച്ചില്ല. പക്ഷേ ഇപ്പോൾ ചാംപ്യൻമാരായതിനു ശേഷം അങ്ങയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകളാണ് വർഷങ്ങൾക്കു ശേഷം ട്രോഫി ഉയർത്താൻ തങ്ങൾക്ക് സഹായകമായതെന്ന് മുതിർന്ന താരം സ്മൃതി മന്ഥന പറഞ്ഞു. താരങ്ങളുമായി പ്രധാനമന്ത്രി സമയം ചെലവഴിക്കുന്നതിന്‍റെ വിഡിയോ പുറത്തു വന്നിട്ടുണ്ട്.
താങ്കളുടെ ചർമം എപ്പോഴും തിളങ്ങിക്കൊണ്ടിരിക്കുന്നു, എന്താണ് സ്കിൻ കെയർ റുട്ടീൻ എന്നാണ് ഹർലീൻ ഡിയോൾ ചോദിച്ചത്. പക്ഷേ അതേക്കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ലെന്നായിരുന്ന മോദിയുടെ മറുപടി.
ജനങ്ങളുടെ സ്നേഹമാണ് പ്രധാമന്ത്രിയുടെ ചർമത്തിന് തിളക്കം നൽകുന്നതെന്ന് ഓൾ റൗണ്ടർ കൂടിയായി സ്നേഹ് റാണ അഭിപ്രായപ്പെട്ടതോടെ മോദിയും അതു ശരി വച്ചു. അതു വലിയൊരു ശക്തിയാണെന്നും സർക്കാരിൽ ഞാനിപ്പോൾ ഒരുപാട് വർഷങ്ങൾ ചെലവഴിച്ചുവെന്നുമാണ് മോദി കൂട്ടിച്ചേർത്തത്.
ദീപ്തി ശർമയുടെ കൈയിലെ ഹനുമാൻ ടാറ്റൂവിനെക്കുറിച്ചും മോദി പരാമർശിച്ചു. ഹനുമാൻ ടാറ്റൂ എങ്ങനെയാണ് നിങ്ങളെ സഹായിച്ചതെന്ന മോദിയുടെ ചോദ്യത്തിന് എനിക്ക് എന്നേക്കാൾ വിശ്വാസം ഹനുമാനെയാണെന്നും വ്യക്തിപരമായി ഗെയിമിൽ മുന്നേറാൻ അതൊരുപാട് സഹായിച്ചുവെന്നുമായിരുന്നു ദീപ്തിയുടെ മറുപടി.