സെപ്റ്റംബർ 30 നകം തയാറെടുപ്പുകൾ പൂർത്തിയാക്കണം; എസ്‌ഐആർ നടപടികളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് (SIR) തയാറെടുക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സെപ്റ്റംബർ 30-നകം എസ്‌ഐആറിന് തയാറാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ തന്നെ വോട്ടർ പട്ടിക പരിഷ്ക്കരണ പ്രവർത്തനങ്ങൾ പോളിങ് അതോറിറ്റി കടക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ മാസം ആദ്യം ഡൽഹിയിൽ നടന്ന സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ (സിഇഒ) സമ്മേളനത്തിൽ, അടുത്ത 10 മുതൽ 15 ദിവസത്തിനുള്ളിൽ എസ്‌ഐആർ നടപ്പിലാക്കാൻ തയ്യാറാകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ കൂടുതൽ വ്യക്തതയ്ക്കായാണ് സെപ്റ്റംബർ 30 എന്ന സമയപരിധി നിശ്ചയിച്ചത്.
ബിഹാറിന് ശേഷം, രാജ്യമെമ്പാടും എസ്‌ഐആർ നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 2026 നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് വേഗത്തിൽ എസ്ഐആർ നടപ്പാക്കാനുള്ള തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ എത്തിയത്.