.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂഡൽഹി: നൂറാം ബഹിരാകാശ ദൗത്യത്തിൽ ഇസ്രൊ വിക്ഷേപിച്ച ഗതിനിർണയ ഉപഗ്രഹം എൻവിഎസ്- 02ന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ. ഉപഗ്രഹത്തിന്‍റെ ഭ്രമണപഥം ഉയർത്തൽ പ്രക്രിയയ്ക്ക് സാങ്കേതികത്തകരാർ വഴിമുടക്കി. നിശ്ചിത ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ ഉയർത്താനുള്ള ജ്വലന പ്രക്രിയയിലാണു തടസം. ത്രസ്റ്ററുകൾ ജ്വലിപ്പിക്കാനുള്ള ഓക്സിഡൈസറുകളെ പ്രവേശിപ്പിക്കാനുള്ള വാൽവുകൾ തുറക്കാനാകുന്നില്ലെന്ന് ഇസ്രൊ അറിയിച്ചു. ഇതു പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
യു.ആർ. റാവു ഉപഗ്രഹ കേന്ദ്രം നിർമിച്ച എൻവിഎസ്-02 എന്ന ഗതിനിർണയ ഉപഗ്രഹം വൃത്താകൃതിയിലുള്ള ഭൂസ്ഥിരഭ്രമണപഥത്തിൽ ഇന്ത്യയ്ക്കു മുകളിലാണു സ്ഥാപിക്കേണ്ടത്. ഉപഗ്രഹത്തിലെ ദ്രവ എൻജിൻ പ്രവർത്തിപ്പിക്കാനായില്ലെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച ഭ്രമണപഥത്തിൽ എൻവിഎസ് 02 സ്ഥാപിക്കുന്നത് വൈകുകയോ ഉപേക്ഷിക്കുകയോ ചെയ്യും.
നിലവിൽ ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം. ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത ബിന്ദു 170 കിലോമീറ്ററും അകന്ന ബിന്ദു 36,577 കിലോമീറ്ററുമുള്ളതാണ് ഈ ഭ്രമണപഥം. ഇതിന്‍റെ മറ്റു പ്രവർത്തനങ്ങളെല്ലാം ലക്ഷ്യമിട്ടതുപോലെ നടക്കുന്നുണ്ട്. ഭ്രമണപഥം ഉയർത്താനായില്ലെങ്കിൽ ഇപ്പോഴത്തെ ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിൽ നിലനിർത്തിക്കൊണ്ട് തന്നെ ഇതിനെ ഉപയോഗിക്കാനുള്ള മാർഗവും പരിശോധിക്കുമെന്ന് ഇസ്രൊ. ബുധനാഴ്ച പുലർച്ചെ 6.23ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ജിഎസ്എൽവി എഫ് 15 ദൗത്യത്തിലാണ് എൻവിഎസ് 02നെ ഭ്രമണപഥത്തിലെത്തിച്ചത്. ഇസ്രൊയുടെ നൂറാം ദൗത്യമായിരുന്നു ഇത്.
2250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ജിപിഎസിന് ബദലായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിന്‍റെ ഭാഗമാണ്. സ്ഥാന നിർണയം, ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാനുള്ള 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് നാവിക്. ഇതിലെ രണ്ടാം ഉപഗ്രഹമാണ് എൻവിഎസ് 02. 1999ലെ കാർഗിൽ യുദ്ധത്തിൽ യുഎസ് ജിപിഎസ് വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ഇന്ത്യ സ്വന്തം ഗതിനിർണയ സംവിധാനത്തിനു രൂപംകൊടുക്കാൻ തീരുമാനിച്ചത്. 2013നു ശേഷം ഈ ലക്ഷ്യത്തിൽ 11 ഉപഗ്രഹങ്ങൾ വിന്യസിച്ചെങ്കിലും ആറെണ്ണം ഭാഗികമായോ പൂർണമായോ പരാജയപ്പെട്ടിരുന്നു.