ഝാർഖണ്ഡിൽ നടന്ന പ്രതിഷേധത്തിൽ നിന്നും
റാഞ്ചി: ഝാർഖണ്ഡിലെ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിലും മറ്റും നിയമന പരീക്ഷയിലും നടന്ന ചോദ‍്യ പേപ്പർ ചോർച്ച വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതി അന്വേഷിക്കണമെന്ന് ആവശ‍്യം.
അന്വേഷണം സിഐഡിയെ ഏൽപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ വിഷയത്തെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്നാണ് ജൂലൈ 29 മുതൽ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ അനിശ്ചിതകാല കുത്തിയിരുപ്പ് സമരം നടത്തുന്ന പ്രതിഷേധക്കാർ പറയുന്നത്.
വിഷയത്തിൽ സിബിഐ, ഇഡി അന്വേഷണം വേണമെന്ന് ഇവർ നേരത്തെ ആവശ‍്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആവശ‍്യവുമായി പ്രതിഷേധക്കാർ രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സിഐഡി അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും നേരത്തെ ജെഎസ്‌എസ്‌സി- സിജിഎൽ പരീക്ഷ ചോദ‍്യപേപ്പർ ചോർച്ച അന്വേഷിച്ചിരുന്നത് സിഐഡിയാണെന്നും 150 ചോദ‍്യങ്ങളിൽ 135 എണ്ണത്തിന്‍റെയും ഉത്തരം ചോർന്നതായും 120 ചോദ‍്യങ്ങൾ പരീക്ഷാ പേപ്പറുമായി സാമ‍്യമുള്ളതായി സിഐഡി തന്നെ കണ്ടെത്തിയിരുന്നുവെന്നും ഹസാരിബാഗ് ജില്ലയിലെ ഉദ‍്യോഗാർഥിയായ വിനയ് മെഹ്ത്ത വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഉദ‍്യോഗാർഥികൾ ഇമെയിൽ, വാട്സാപ്പ് മുഖേന രേഖാമൂലമുള്ള തെളിവുകൾ നൽകിയിട്ടും അധികാരികൾ പരാതി സ്വീകരിക്കാനോ നടപടിയെടുക്കാനോ തയാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. അതിനാലാണ് അന്വേഷണം സിബിഐക്കോ അല്ലെങ്കിൽ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിക്കോ കേസിന്‍റെ അന്വേഷണം കൈമാറണമെന്ന് ആവശ‍്യപ്പെടുന്നതെന്ന് വിനയ് മെഹ്ത പറഞ്ഞു. എന്നാൽ ഝാർഖണ്ഡിൽ നിന്നുള്ള ജഡ്ജിമാരെ അന്വേഷണത്തിൽ നിന്നും ഒഴിവാക്കണമെന്നും ഇവർ പറയുന്നു.
സമരം നിലവിൽ സമാധാനപരമായിട്ടാണ് മുന്നോട്ടു പോകുന്നതെങ്കിലും തങ്ങളുടെ ആവശ‍്യങ്ങൾ സർക്കാർ അവഗണിച്ചാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പലാമു ജില്ലയിലെ പവൻ ഗോസ്വാമി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തിന് കോക്റോച്ച് ജനതാ പാർട്ടി അടക്കം വിവിധ സംഘടനകളുടെ പിന്തുണ ഇതിനോടകം തന്നെ സമരക്കാർക്ക് ലഭിച്ചിട്ടുണ്ട്. ക്രമക്കേട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് സമരത്തിന്‍റെ നേതാക്കളിലൊരാളായ ദേവേന്ദ്ര നാഥ് മഹ്തോ കഴിഞ്ഞ ഞായറാഴ്ച മുതൽ നിരാഹാര സമരത്തിലാണ്. പ്രതിഷേധക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ ആലോചിച്ചു വരുകയാണെന്ന് മുഖ‍്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര‍്യയും എംഎൽഎയുമായ കൽപ്പന സോറൻ പറഞ്ഞു. ന‍്യായമായ അവകാശത്തിനു വേണ്ടി വളരെക്കാലമായി അവർ പോരാടുകയാണെന്ന് പ്രതിപക്ഷ നേതാവ് ബാബുലാൽ മറാൻഡി പറഞ്ഞു.