ഫരീദാബാദിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു; ഭീകരാക്രമണ പദ്ധതി തകർത്ത് ജമ്മു കശ്മീർ പൊലീസ്
ശ്രീനഗർ: ഫരീദാബാദിൽ നിന്നും 350 കിലോഗ്രാം സ്ഫോടക വസ്തുക്കളും ഒരു എകെ 47 തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഇന്‍റലിജൻസ് ബ്യൂറോയും ഫരീദാബാദ് പൊലീസുമായി സഹകരിച്ച് ജമ്മു കശ്മീർ പൊലീസ് ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി.
ഫരീദാബാദിലെ ധൗജ് ഗ്രാമത്തിലെ ഒരു വാടക വീട്ടിൽ നിന്നാണ് ഇവ പൊലീസ് കണ്ടെടുത്തത്. ജമ്മു കശ്മീരിൽ അറസ്റ്റിലായ പ്രതികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ഓപ്പറേഷൻ നടപ്പാക്കിയത്.
ജമ്മു കശ്മീരിൽ നിന്നുള്ള അൽ ഫലാഹ് മെഡിക്കൽ കോളെജിലെ വിദ്യാർഥി ഡോ. മുജാഹിൽ ഷക്കീലിന്‍റെ വീട്ടിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. മൂന്ന് മാസം മുമ്പ് ധൗജിൽ വീട് വാടകയ്‌ക്കെടുക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ.
പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, കണ്ടെടുത്തതിൽ ഏകദേശം 100 കിലോഗ്രാം ഭാരമുള്ള 14 ബാഗ് അമോണിയം നൈട്രേറ്റ്, 84 ലൈവ് കാട്രിഡ്ജുകൾ, ഒരു എകെ 47 റൈഫിൾ, ടൈമറുകൾ, 5 ലിറ്റർ കെമിക്കൽ ലായനി എന്നിവ ഉൾപ്പെടുന്നു. ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (ഐഇഡി) കൂട്ടിച്ചേർക്കാൻ ഉപയോഗിച്ചതായി സംശയിക്കുന്ന 48 വസ്തുക്കളാണ് പിടിച്ചെടുത്തത്.