ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ
ചണ്ഡീഗഢ്: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുനീക്കലിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ച ലിബർഹാൻ കമ്മിഷന്‍റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (87) അന്തരിച്ചു. ഞായറാഴ്ച ചണ്ഡീഗഢിലായിരുന്നു അന്ത്യം. തിങ്കളാഴ്ച സംസ്കാരം നടക്കുമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് രോഹിത് സുധ് അറിയിച്ചു.
1964ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലിബർഹാൻ, 1970 മുതൽ 1987 വരെ പഞ്ചാബ്-ഹരിയാന ബാർ കൗൺസിൽ അംഗമായിരുന്നു. 1976 മുതൽ 1983 വരെ ബാർ കൗൺസിലിന്‍റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
1987 ഫെബ്രുവരി 11ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടർന്ന് 1997ൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും 1998ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിതനായി. 1992 ഡിസംബർ 16ന് ബാബറി മസ്ജിദ് പൊളിച്ചുനീക്കൽ അന്വേഷിക്കാൻ രൂപവത്കരിച്ച ഏകാംഗ കമ്മിഷന്‍റെ അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചിരുന്നു.