K Chandrashekhara Rao
K Chandrashekhara Rao 
India

തകർന്നത് കെഎസിആറിന്‍റെ ദേശീയ രാഷ്‌ട്രീയ മോഹം

ഹൈദരാബാദ്: തെലങ്കാനയിലെ കോൺഗ്രസ് വിജയം തകർത്തത് കെ. ചന്ദ്രശേഖര റാവുവിന്‍റെ ഹാട്രിക് സ്വപ്നവും ദേശീയ രാഷ്‌ട്രീയ മോഹങ്ങളും. ഇന്ദ്രപ്രസ്ഥം ലക്ഷ്യമിട്ട് പാർട്ടിയുടെ പേര് തെലങ്കാന രാഷ്‌ട്ര സമിതി എന്നതിൽ നിന്ന് ഭാരത് രാഷ്‌ട്ര സമിതിയാക്കി മാറ്റിയ കെസിആറിനെ സ്വന്തം നാട്ടുകാർ തന്നെ കൈയൊഴിയുകയായിരുന്നു. ഹിന്ദി ഭൂമികയിൽ തകർന്ന കോൺഗ്രസിനാകട്ടെ, തെലങ്കാനയിലെ വിജയം പിടിവള്ളിയായി.

ദക്ഷിണേന്ത്യയിൽ കർണാടകയിലും കേരളത്തിലുമായി ചുരുങ്ങിയ പാർട്ടിയുടെ തെലുങ്കുനാട്ടിലെ വേരുകൾ വീണ്ടെടുക്കാനായത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആത്മവിശ്വാസം നൽകും. എബിവിപിയിൽ നിന്നു തെലുഗുദേശം പാർട്ടിയിലും പിന്നീടു കോൺഗ്രസിലുമെത്തിയ രേവന്ത് റെഡ്ഡി പിസിസി അധ്യക്ഷനായി കേവലം രണ്ടു വർഷം കൊണ്ടാണ് പാർട്ടിയെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ റെഡ്ഡി നടത്തിയ പദയാത്രയോടെ 35ലേറെ ബിആർഎസ് നേതാക്കൾ കോൺഗ്രസിലേക്കു ചേക്കേറിയിരുന്നു. ഇടതുപാർട്ടികളും ടിഡിപിയും തെലങ്കാന ജനസമിതിയുമടക്കം ചെറുകക്ഷികളെ ഒപ്പം നിർത്താനും റെഡ്ഡിയുടെ നേതൃത്വത്തിന് കഴിഞ്ഞു.

അതേസമയം, പ്രതിപക്ഷമില്ലെന്ന കെസിആറിന്‍റെ അമിത ആത്മവിശ്വാസത്തിനാണു തെലങ്കാനയിൽ തിരിച്ചടിയേറ്റത്. ദേശീയ തലത്തിൽ കോൺഗ്രസ്, ബിജെപി ഇതര കക്ഷികളെ ചേർത്ത് മൂന്നാം മുന്നണിക്കു ശ്രമിക്കുകയായിരുന്നു കെസിആർ. ഇതിനായി കഴിഞ്ഞ ജനുവരിയിൽ ഖമ്മത്ത് കോൺഗ്രസ്, ബിജെപി ഇതര പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അണിനിരത്തി റാലി നടത്തുകയും ചെയ്തു. തുടർന്ന് പാർട്ടിയുടെ പേര് ബിആർഎസ് മാറ്റി.

2018ൽ 88 സീറ്റുകളോടെ രണ്ടാമൂഴം ലഭിച്ചതിന്‍റെ ആത്മവിശ്വാസമായിരുന്നു കെസിആറിന്. എന്നാൽ, പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസും സഖ്യകക്ഷികളും പുതിയ വഴികൾ തീർത്തത് തിരിച്ചറിയാൻ അദ്ദേഹത്തിനായില്ല. മകനെയും മകളെയും മരുമകളെയും ഉൾപ്പെടെ സർക്കാരിലും പാർട്ടി നേതൃത്വത്തിലുമായി അവതരിപ്പിച്ചതുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടവും അഴിമതി ആരോപണങ്ങളും അടിത്തറയെ ബാധിച്ചതും കൃത്യമായി മനസിലാക്കുന്നതിൽ ചന്ദ്രശേഖര റാവു പരാജയപ്പെട്ടു. ബിആർഎസിന്‍റെ സ്വാധീനകേന്ദ്രങ്ങളിൽ വോട്ട് ഭിന്നിപ്പിച്ച ബിജെപിയും റാവുവിന്‍റെ പരാജയത്തിൽ നിർണായകമായി.

ഭരണവിരുദ്ധ വികാരം തകർക്കുകയായിരുന്നു ബിആർഎസിനെ. കൃഷിക്കാർ, യുവാക്കൾ, ദളിതർ, പിന്നാക്കക്കാർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ വീഴ്ച എല്ലാ മേഖലയിലും കെസിആറിന് തിരിച്ചടിയായി. അഴിമതിയും തൊഴിലില്ലായ്മയും വികസനമാന്ദ്യവും കുടുംബവാഴ്ചയുമുൾപ്പെടെ പ്രശ്നങ്ങളുയർത്തിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പു ഗോദയിലിറങ്ങിയത്. ഇവയെ ഫലപ്രദമായി പ്രതിരോധിക്കാൻ ബിആർഎസിനായില്ല.

വീട്ടമ്മമാർക്ക് മാസം 10000 രൂപ, നെല്ലിന്‍റെ സബ്സിഡി ഉയർത്തും തുടങ്ങി കർണാടകയിലേതിനു സമാനമായ ജനപ്രിയ വാഗ്ദാനങ്ങളും കോൺഗ്രസിനെ തുണച്ചു. ഇതിനു പുറമേയാണ് സംസ്ഥാനത്ത് 12 ശതമാനം വരുന്ന മുസ്‌ലിംകൾ കോൺഗ്രസിനു നൽകിയ പിന്തുണ. ന്യൂനപക്ഷങ്ങൾക്കായി പ്രകടനപത്രികയിൽ പ്രത്യേക വാഗ്ദാനങ്ങൾ തന്നെ നിരത്തിയിരുന്നു കോൺഗ്രസ്. ബിജെപിയുടെയും ആർഎസ്എസിന്‍റെയും പിണിയാളാണ് കെസിആർ എന്ന കോൺഗ്രസിന്‍റെ പ്രചാരണം ന്യൂനപക്ഷ മേഖലകളിൽ ബിആർഎസിന് വിരുദ്ധ തരംഗമുണ്ടാക്കി. അതേസമയം, ബിആർഎസും എഐഎംഐഎമ്മുമായുള്ള സഖ്യം മറ്റു മണ്ഡലങ്ങളിലും കോൺഗ്രസ് ഉപയോഗിച്ചു.

ഭരണം നഷ്ടമായ കെസിആറിനെ അഴിമതിക്കേസുകളടക്കം നിരവധി തലവേദനകളാണ് കാത്തിരിക്കുന്നത്. കുടുംബവാഴ്ചയ്ക്കും കെസിആറിന്‍റെ ഏകാധിപത്യത്തിനുമെതിരായ നീക്കങ്ങളും പാർട്ടിയിൽ സജീവമാകും. ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കെയുണ്ടായ തിരിച്ചടി തെലങ്കാനയിൽ പുതിയ രാഷ്‌ട്രീയക്കാഴ്ചകൾക്കും വഴിവച്ചേക്കാം.

അതിതീവ്ര മഴ: രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

65,432 കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന; 4 കോടിയിലേറെ പിഴ ചുമത്തി

സംവരണം: നെഹ്റുവിനെ ആക്രമിക്കാൻ അംബെദ്കറെ കൂട്ടുപിടിച്ച് മോദി

മലപ്പുറത്ത് ഒരാൾ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

ടർബുലൻസ്: വിമാനം കുലുങ്ങി, ഒരു യാത്രക്കാരൻ മരിച്ചു, നിരവധി പേർക്ക് പരുക്ക്