ശൈത്യകാലം; കേദാർനാഥ് ക്ഷേത്രം അടച്ചു
ഡെറാഡൂൺ: ശൈത്യകാലത്തേക്ക് ക്ഷേത്രം അടച്ചിടുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ശ്രീ കേദാർനാഥ് ധാം സന്ദർശിച്ചു. ജനങ്ങളുടെ സന്തോഷം, സമൃദ്ധി, ക്ഷേമം എന്നിവയ്ക്കായി അദ്ദേഹം പ്രാർഥിച്ചു. പുരോഹിതന്മാരുമായും തീർഥാടകരുമായും പ്രാദേശിക വ്യാപാരികളുമായും സംവദിച്ച് അവരോടു നന്ദി പറഞ്ഞു. ധാമിൽ വികസനത്തിന്‍റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ച് അവലോകനം ചെയ്തു.
സനാതന വിശ്വാസത്തിന്‍റെ പ്രധാന കേന്ദ്രമായ കേദാർനാഥ് ക്ഷേത്രത്തിന്‍റെ കവാടങ്ങൾ വ്യാഴാഴ്ചയാണ് ശൈത്യകാലത്തിനായി ആചാരപരമായി അടച്ചത്.
ഈ വർഷം റെക്കോർഡ് ഭക്തർ ബാബാ കേദാർനാഥ് ക്ഷേത്രം സന്ദർശിച്ചതായി ധാമി പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ കൃത്യമായ ആസൂത്രിത ശ്രമങ്ങൾ മൂലമാണ് ഈ വർഷത്തെ ചാർ ധാം യാത്ര വിജയകരവും സുസംഘടിതവുമായത്. ചാർ ധാം യാത്ര സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നു, ദേവഭൂമി ഉത്തരാഖണ്ഡിനെ ലോകമെമ്പാടുമുള്ള സനാതന ധർമ അനുയായികളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശ പ്രകാരം സംസ്ഥാന സർക്കാർ ഉത്തരാഖണ്ഡിനെ സനാതന ധർമത്തിന്‍റെ ആത്മീയ തലസ്ഥാനമായി വികസിപ്പിക്കുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചാർ ധാമുകളിൽ മാത്രമല്ല, മാനസ്‌ഖണ്ഡ് മേഖലയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലും വിവിധ വികസന പദ്ധതികൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2026ലെ തീർഥാടന സീസണിനുള്ള ഒരുക്കങ്ങളും ആസൂത്രണവും മുൻകൂട്ടി ആരംഭിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.