തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
പറ്റ്ന: വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ മൂത്ത മകനും ബിഹാർ മുൻ മന്ത്രിയുമായ തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കിയെന്ന് ലാലു പ്രസാദ് യാദവ്. ആറു വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുരത്താക്കിയിരിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമെന്നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് എക്സിലൂടെ ലാലുപ്രസാദ് യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍റെ മൂത്ത മകന്‍റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും ബന്ധങ്ങളും മറ്റു പ്രവൃത്തികളും ഞങ്ങളുടെ കുടുംബ മൂല്യങ്ങൾക്കോ പാരമ്പര്യത്തിനോ അനുസരിച്ചല്ല.
അതു കൊണ്ട് ഞാനവനെ പാർട്ടിയിൽ നിന്നും വീട്ടിൽ നിന്നും നീക്കം ചെയ്യുന്നു. ഈ നിമിഷം മുതൽ അവന് പാർട്ടിയിലോ കുടുംബത്തിലോ യാതൊരു വിധമുള്ള പ്രാധാന്യവുമുണ്ടായിരിക്കില്ല. എന്നാണ് ലാലു കുറിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിയുടെ ചിത്രത്തിനൊപ്പം പ്രണയത്തിലാണെന്ന പോസ്റ്റ് അടുത്തിടെ തേജ് പ്രതാപിന്‍റെ ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ചിത്രം വൻ വിവാദം സൃഷ്ടിച്ചതിനു പിന്നാലെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതായി തേജ് പ്രതാപ് എക്സിലൂടെ വെളിപ്പെടുത്തി. പോസ്റ്റ് പിന്നീട് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിരുന്നു. തന്‍റെ ചിത്രങ്ങൾ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതായും തേജ് പ്രതാപ് ആരോപിച്ചു.
അനുഷ്ക യാദവ് എന്ന പെൺകുട്ടിയുമായി 12 വർഷമായി പ്രണയത്തിലാണെന്നായിരുന്നു ഫെയ്സ്ബുക്കിലെ പോസ്റ്റ്. 37കാരനായ തേജ് പ്രതാപ് 2018ലാണ് വിവാഹിതനായത്. ബിഹാർ മുൻ മുഖ്യമന്ത്രി ദരോഗ റായുടെ മകൾ ഐശ്വര്യ റായ് ആയിരുന്നു വധു. പക്ഷേ അധിക കാലം കഴിയും മുൻപേ ഇരുവരും പിരിഞ്ഞു.