ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്

 
India

''സനാതന ധർമത്തെ അപമാനിക്കാറായോ!'' ചീഫ് ജസ്റ്റിസിനു നേരെ ഷൂസ് എറിയാൻ അഭിഭാഷകന്‍റെ ശ്രമം

സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു നേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു; പോയി നിങ്ങളുടെ ദൈവത്തോടു പറയൂ എന്ന മുൻ പരാമർശമാണ് പ്രകോപനം

MV Desk

സനാതന ധർമത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാൻ സഹിക്കില്ലെന്നു പുലമ്പിക്കൊണ്ട് ഷൂസ് എറിയാനായിരുന്നു അഭിഭാഷകന്‍റെ ശ്രമം. വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നേരത്തെ നടത്തിയ ഒരു പരാമർശമാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചത്. ''വിഗ്രഹം പുനസ്ഥാപിക്കാൻ നിങ്ങളുടെ ദൈവത്തോടു തന്നെ പോയി പറയൂ'' എന്നായിരുന്നു പരാമർശം.

ന്യൂഡൽഹി: സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. രാജ്യത്തിന്‍റെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു നേരെ ഒരു അഭിഭാഷകൻ ഷൂസ് എറിയാൻ ശ്രമിച്ചു. സനാതന ധർമത്തെ ചീഫ് ജസ്റ്റിസ് അപമാനിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഗവായ് നടത്തിയ പരാമർശമാണ് അഭിഭാഷകന്‍റെ പ്രകോപനം. ''വിഗ്രഹം പുനസ്ഥാപിക്കാൻ നിങ്ങളുടെ ദൈവത്തോടു തന്നെ പോയി പറയൂ'' എന്നാണ് ചീഫ് ജസ്റ്റിസ് അന്നു പറഞ്ഞത്.

തിങ്കളാഴ്ച കോടതി നടപടികൾ നടക്കുന്നതിനിടെയാണ് ഷൂസെറിയാൻ ശ്രമമുണ്ടായത്. ''സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാൻ സഹിക്കില്ല'' (സനാതൻ ധർമ് കാ അപ്മാൻ നഹി സഹേഗാ ഹിന്ദുസ്ഥാൻ) എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അഭിഭാഷകൻ ഷൂസ് എറിയാൻ ശ്രമിച്ചത്.

ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ കോടതി മുറിയിൽ നിന്ന് പുറത്താക്കി. അതേസമയം, ഷൂസല്ല, കുറേ കടലാസുകളാണ് ഇയാൾ എറിഞ്ഞതെന്നും ചില ദൃക്‌സാക്ഷികൾ പറയുന്നു.

സംഭവത്തെത്തുടർന്ന് ഏതാനും മിനിറ്റുകൾ കോടതി നടപടികൾ തടസപ്പെട്ടു. എന്നാൽ, ബെഞ്ചിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് തികച്ചും അക്ഷോഭ്യനായാണ് പ്രതികരിച്ചത്. ''ഇത്തരം കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കരുത്. ഞങ്ങളുടെ ശ്രദ്ധ മാറുന്നില്ല. ഇതൊന്നും എന്നെ ബാധിക്കില്ല'', അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രസമുച്ചയത്തിലുള്ള ഝാവേരി ക്ഷേത്രത്തിൽ വിഷ്ണുവിന്‍റെ ഏഴടി ഉയരമുള്ള വിഗ്രഹം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇതിനെ 'പരസ്യതാത്പര്യ ഹർജി' (Publicity Interest Litigation) എന്നു വിശേഷിപ്പിച്ച കോടതി, വിഗ്രഹം പുനസ്ഥാപിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) അധികാരപരിധിയിലുള്ള വിഷയമാണെന്നും നിരീക്ഷിച്ചിരുന്നു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടം; ഫലം നവംബർ 14ന്

"സമൂഹത്തിൽ അറിവിന്‍റെ ദീപം തെളിയിക്കുന്നത് ബ്രാഹ്മണർ''; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി

ജില്ലാ കായിക മേള: ലോഗോ പ്രകാശനം ചെയ്തു

''രാഷ്ട്രീയ നീക്കത്തിന് കോടതിയെ വേദിയാക്കരുത്''; മാസപ്പടി കേസുമായി ബന്ധപ്പെട്ട മാത്യു കുഴൽനാടന്‍റെ ഹർജി തള്ളി

എവറസ്റ്റിൽ‌ കനത്ത മഴയും മഞ്ഞു വീഴ്ചയും; ആയിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നു