അരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: 2021-22ലെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് മനോജ് ജെയിന്‍റെ ബെഞ്ചിന് മുമ്പാകെയാണ് 2024ൽ സമർപ്പിച്ച ഇഡിയുടെ ഹർജി പരിഗണനയ്ക്കെത്തുന്നത്.
കേസിൽ കെജ്‌രിവാളിന് പിന്നീട് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. 2024 ജൂലൈ 12ന് ഇടക്കാല ജാമ്യം അനുവദിച്ച പരമോന്നത കോടതി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം അറസ്റ്റ് ചെയ്യുന്നതിനുള്ള ആവശ്യകതയും അനിവാര്യതയും സംബന്ധിച്ച മൂന്ന് ചോദ്യങ്ങൾ വിശാല ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനറായ കെജ്‌രിവാളിനെ ഇഡിയും സിബിഐയും അറസ്റ്റ് ചെയ്തിരുന്നു. മദ്യനയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളും അഴിമതിയും നടന്നുവെന്ന ആരോപണത്തെ തുടർന്ന് ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ നയം പിൻവലിച്ചിരുന്നു.
മദ്യനയം ഭേദഗതി ചെയ്തതിലും ലൈസൻസ് ഉടമകൾക്ക് അനധികൃത ആനുകൂല്യങ്ങൾ നൽകിയതിലും ക്രമക്കേടുകൾ നടന്നുവെന്നാണ് സിബിഐയുടെയും ഇഡിയുടെയും കണ്ടെത്തൽ.