കോൽക്കത്ത: മഹാകുംഭമേള മൃത്യു കുംഭമേളയായെന്ന രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രയാഗ് രാജിൽ തിക്കിലും തിരക്കിലും പെട്ട് 30 തീർഥാടകർ മരണപ്പെട്ടിരുന്നു. അതിനു പുറകേ ഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ കൂടി കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിലാണ് മമതയുടെ വിമർശനം. പ്രയാഗ്‌രാജിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ യഥാർഥ എണ്ണം പുറത്തു വിടുന്നില്ലെന്നും മമത ആരോപിച്ചു. മരണപ്പെട്ടവരുടെ എണ്ണം കുറച്ചു കാണിക്കുന്നതിനായി ബിജെപി ഇപ്പോഴും 100 കണക്കിന് മൃതദേഹങ്ങൾ ഒളിപ്പിച്ചിരിക്കുകയാണെന്നും ബംഗാൾ നിയമസഭയിൽ മമത ആരോപിച്ചു. തന്നെ അഭിമുഖീകരിക്കുന്നതിനുള്ള ഭയം കൊണ്ടാണ് ബിജെപി എംഎൽഎമാർ സഭ ബഹിഷ്കരിക്കുന്നതെന്നും മമത പറഞ്ഞു.
മുസ്ലിം ലീഗുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ മമത തള്ളി. മതേതരത്വത്തിലും സമുദായങ്ങളുടെ വികസനത്തിലുമാണ് ഞാൻ വിശ്വസിക്കുന്നത്, അവർ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് ഭീകരരുമായി ബന്ധമുണ്ടെന്ന ആരോപണത്തെയും മമത തള്ളി. താനും ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ബിജെപിക്ക് തെളിയിക്കാനായാൽ രാജി വയ്ക്കും. ബംഗ്ലാദേശിൽ സർക്കാർ വീണപ്പോഴും തൃണമൂൽ സർക്കാരാണ് ബംഗാളിലെ ശാന്തിയും സമാധാനവും കൈമോശം വരാതെ കാത്തതെന്നും മമത അവകാശപ്പെട്ടു.