മഹാകുംഭമേള ജനുവരിയിൽ; തയാറായി പ്രയാഗ്‌രാജ് file
India

മഹാകുംഭമേള ജനുവരിയിൽ; തയാറായി പ്രയാഗ്‌രാജ്

പ്രപഞ്ച ക്ഷേമം, സ്വയം കണ്ടെത്തൽ എന്നിവയെ സൂചിപ്പിക്കുന്നതു കൂടിയാണ് ലോഗോ.

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ അടുത്ത വർഷം നടക്കുന്ന മഹാകുംഭ മേളയ്ക്കുള്ള ബഹുവർണ ലോഗോ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്തിറക്കി. മത, സാംസ്കാരിക, സാമ്പത്തിക അഭിവൃദ്ധിയെ സൂചിപ്പിക്കുന്ന ലോഗോയിൽ അമൃതകലശത്തിന്‍റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. സനാതന സംസ്കാരത്തിലേക്ക് മാനവിക സംഗമിക്കുന്നതിന്‍റെ പ്രതീകമായി ക്ഷേത്രം, ഋഷിമാർ, കലശം, അരയാൽ, ഹനുമാന്‍റെ ചിത്രം എന്നിവയാണു ലോഗോയിൽ ഉള്ളത്.

പ്രപഞ്ച ക്ഷേമം, സ്വയം കണ്ടെത്തൽ എന്നിവയെ സൂചിപ്പിക്കുന്നതു കൂടിയാണ് ലോഗോ. മാനവികതയുടെ അമൂർത്തമായ സാംസ്കാരിക പൈതൃകമെന്നു യുനെസ്കോ വിശേഷിപ്പിച്ച കുംഭമേള ലോകത്ത് ഏറ്റവും കൂടുതൽ തീർഥാടകർ ഒത്തുചേരുന്ന ഉത്സവമായാണു വിലയിരുത്തപ്പെടുന്നത്.

"സർവസിദ്ധി പ്രദഃ കുംഭാ' (കുംഭം സർവ വിധ ആത്മീയ ഊർജവും പ്രദാനം ചെയ്യുന്നു) എന്നതാണു ലോഗോയിലെ മുദ്രാവാക്യം. രാജ്യത്തെ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ള സന്ന്യാസിമാരുടെയും ഋഷിമാരുടെയും പുരോഹിതരുടെയും സാന്നിധ്യത്തെ സൂചിപ്പിക്കുന്നതാണ് ലോഗോയിലെ ശംഖനാദം മുഴക്കുന്ന സന്ന്യാസിയുടെ ചിത്രമെന്നും യുപി സർക്കാർ.

അഭിവാദ്യം ചെയ്യുന്ന രണ്ടു സന്ന്യാസിമാർ കുംഭമേളയോടുള്ള ആദരത്തെ പ്രതിനിധാനം ചെയ്യുന്നു, സംഗമ നഗരി, സനാതന ധർമ എന്നിവയും ലോഗോയുടെ ആശയത്തിലുണ്ട്. അമൃതകലശത്തിന്‍റെ വായ ഭഗവൻ വിഷ്ണുവിനെയും കണ്ഠം രുദ്രനെയും താഴെയുള്ള ഭാഗം ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു. ഉരുണ്ട ഭാഗം ദേവതമാരുടെ പ്രതീകം. ഉള്ളിലെ ജലം വരുണനെ, അഥവാ സമുദ്രത്തെ സൂചിപ്പിക്കുന്നു.

2025 ജനുവരി 14 മുതൽ ഫെബ്രുവരി 25 വരെ ഗംഗാ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തിലാണു കുംഭമേള. ത്രിവേണി സംഗമത്തിന്‍റെ ഉപഗ്രഹ ചിത്രവും ലോഗോയിലുണ്ട്. പ്രയാഗ്‌രാജിന്‍റെ ആത്മീയ, ഭൂമിശാസ്ത്ര സവിശേഷതയും പ്രയാഗ്‌രാജിന്‍റെ സമ്പന്ന പൈതൃകവും ഉയർത്തിക്കാട്ടാനാണ് ഇതുൾപ്പെടുത്തിയതെന്നു യുപി സർക്കാർ അറിയിച്ചു.

ജനുവരി 14, 29, ഫെബ്രുവരി 3 ദിവസങ്ങളിലാണു പ്രധാന സ്നാനം. അതേസമയം, സനാതന മത വിഭാഗങ്ങളിലുള്ളവരെ മാത്രമേ കുംഭമേളയിൽ അനുവദിക്കാവൂ എന്ന് ജൂന അഖാഡ അധിപതി മഹന്ത് ഹരി ഗിരി ആവശ്യപ്പെട്ടു. മഹാകുംഭ മേള നടക്കുമ്പോൾ പ്രയാഗ്‌രാജിൽ മാംസവും മദ്യവും നിരോധിക്കണം. മഹാകുംഭ് എന്നത് സംസ്കൃതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ പേർഷ്യൻ പ്രയോഗമാണെന്നും ഇതു മാറ്റുന്നതിനെക്കുറിച്ച് രണ്ടു ദിവസത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഗിരി.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി