ചോദ്യപേപ്പർ ചോർച്ച; 8,000 രൂപയ്ക്ക് ഷൂവിന്‍റെ ഇൻസോളിൽ ഒളിപ്പിച്ച് ചോദ്യപേപ്പറുകൾ കടത്തിയെന്ന് കുറ്റപത്രം
താനെ: മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ (ടിഇടി)യുടെ ചോദ്യപേപ്പറുകൾ ആഗ്രയിലെ അച്ചടിശാലയിൽ നിന്ന് രണ്ട് ജീവനക്കാർ ഷൂവിന്‍റെ ഇൻസോളിൽ ഒളിപ്പിച്ച് പുറത്തുകടത്തിയത് വെറും 8,000 രൂപയ്ക്കാണെന്ന് താനെ സിറ്റി പൊലീസ്. കേസിൽ സമർപ്പിച്ച 3,500 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച ഭീവണ്ടിയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 18 പ്രതികളാണുള്ളത്. ഒഡീശയിലെ മറ്റൊരു പരീക്ഷാ പേപ്പർ ചോർച്ചക്കേസിലും നേരത്തെ ആരോപണവിധേയനായ ബിജേന്ദ്ര ഗുപ്തയാണ് കേസിലെ പ്രധാന സൂത്രധാരൻ. ഇതിനകം 16 പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളായ അശോക് സാവ്, പ്രകാശ് മിസാൽ എന്നിവർ ഒളിവിലാണ്.
ജൂൺ 28ന് നടക്കേണ്ടിയിരുന്ന പരീക്ഷയ്ക്ക് ഒരു ദിവസം മുൻപാണ് ചോദ്യപേപ്പർ ചോർച്ച പുറത്തായത്. ഭീവണ്ടി സ്വദേശിക്ക് പരീക്ഷാ ചോദ്യപേപ്പറുകൾ വിൽക്കാൻ മൂന്ന് പേർ ശ്രമിക്കുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പവൻ ബൻസോദിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കോഗാവ് മേഖലയിൽ നിന്ന് പൊലീസ് പ്രതികളെ പിടികൂടുകയും നാല് സെറ്റ് ചോദ്യപേപ്പറുകൾ പിടിച്ചെടുക്കുകയും ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻ അധികൃതരുമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തവ യഥാർഥ ചോദ്യപേപ്പറുകളുമായി പൊരുത്തപ്പെടുന്നതാണെന്ന് സ്ഥിരീകരിച്ചു.
ടിഇടി പരീക്ഷാ ചോദ്യപേപ്പർ അച്ചടിക്കാൻ ചുമതലപ്പെടുത്തിയ ആഗ്ര ആസ്ഥാനമായുള്ള മഹിം പാട്രൻ പ്രൈവറ്റ് ലിമിറ്റഡാണ് ചോർച്ചയുടെ ഉറവിടം. ജൂൺ 15നും 17നും ഇടയിൽ അച്ചടിശാലയിലെ രണ്ട് ജീവനക്കാരും മുൻ ജീവനക്കാരനും ചോദ്യപേപ്പറുകൾ ഷൂവിന്‍റെ ഇൻസോളിൽ ഒളിപ്പിച്ച് പുറത്തുകടത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാർ വസ്ത്രങ്ങൾ പരിശോധിച്ചിരുന്നെങ്കിലും ഷൂ പരിശോധിച്ചിരുന്നില്ലെന്നാണ് കുറ്റപത്രത്തിലുള്ളത്. ചോദ്യപേപ്പറുകൾ മോഷ്ടിച്ചതിന് അച്ചടിശാലയിലെ ജീവനക്കാർക്ക് 8,000 രൂപ വീതം നൽകിയതായും ആഗ്രയിൽ ഭൂമിയുടെ പ്ലോട്ടുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു.
വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾക്ക് പുറമെ പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള മഹാരാഷ്ട്രയിലെ നിയമങ്ങളിലെ വ്യവസ്ഥകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.