കോൽക്കത്ത: വിവിധ സംസ്ഥാനങ്ങളിലുള്ള പശ്ചിമ ബംഗാൾ സ്വദേശികൾ നാട്ടിലേക്ക് മടങ്ങിയാൽ ഒരു വർഷത്തേക്ക് എല്ലാമാസവും 5000 രൂപ നൽകുമെന്നു മുഖ്യമന്ത്രി മമത ബാനർജി. മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് യാത്രാസൗകര്യമൊരുക്കുമെന്നും മമത അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണു പുനരധിവാസ പദ്ധതിയായി സാമ്പത്തിക സഹായം നൽകാൻ തീരുമാനം.
വിവിധ സംസ്ഥാനങ്ങളിൽ 2700 കുടിയേറ്റ കുടുംബാംഗങ്ങളാണ് ആക്രമണം നേരിട്ടതെന്നു മമത. പീഡനം ഭയന്ന് 10000ഓളം സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. മടങ്ങിയെത്തിയാലുടൻ 5000 രൂപ നൽകും. ഒരുവർഷത്തേക്ക് എല്ലാമാസവും ഈ തുക നൽകും. തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് നൈപുണിപരിശീലനം നൽകി തൊഴിൽ കണ്ടെത്തിക്കൊടുക്കും. സംസ്ഥാനത്തിനു പുറത്ത് ജോലിചെയ്യുന്ന 22,40,000 തൊഴിലാളികൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മമത അറിയിച്ചു.