വർഷങ്ങൾ നീണ്ട ട്രോമ; മണിപ്പുരിൽ കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു
ഇംഫാൽ: മണിപ്പുർ കലാപത്തിനിടെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ യുവതി മരിച്ചു. ബലാത്സംഗത്തിനിരയായി രണ്ടു വർഷത്തിനു ശേഷവും ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിൽ നിന്ന് യുവതി മോചിതയായിരുന്നില്ല. ആരോഗ്യം മോശമായതിനെത്തുടർന്നാണ് മരണം. 2023ലാണ് മണിപ്പുരിൽ സാമുദായിക കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതേ തുടർന്നാണ് കുക്കി വംശജയായ യുവതിയെ മെയ്തി വിഭാഗത്തിൽ പെട്ട കലാപകാരികൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
ഗുരുതരമായ പരുക്കുകളോടെയാണ് യുവതി കലാപകാരികളിൽ നിന്ന് രക്ഷപ്പെട്ടത്. സംസ്ഥാനത്തെ അവസ്ഥ മോശമായതിനാൽ പീഡനം നടന്ന് രണ്ടു മാസത്തിനു ശേഷമാണ് യുവതിക്ക് അതേക്കുറിച്ച് പരാതിപ്പെടാൻ പോലും സാധിച്ചത്.
ബലാത്സംഗത്തിന്‍റെ ട്രോമയിൽ നിന്ന് 20 വയസുള്ള പെൺകുട്ടി ഒരിക്കലും മുക്തയായിരുന്നില്ലയെന്ന് വീട്ടുകാർ പറയുന്നു. ഗർഭപാത്രത്തിനുൾപ്പെടെ ഗുരുതരമായ പരുക്കുകളോടെയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. ഗ്വാഹട്ടിയിലെ ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയിരുന്നത്. എന്നാൽ ജനുവരി 10ന് മരണം സ്ഥിരീകരിച്ചു.