വിവാഹ രജിസ്ട്രേഷന് ഉറ്റ ബന്ധുക്കൾ നിർബന്ധം; നിയമങ്ങളിൽ സുപ്രധാന മാറ്റവുമായി ഉത്തർപ്രദേശ്
file image
ലക്നൗ: വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുത്താൻ ഉത്തർപ്രദേശ്. വധുവിന്‍റെയും വരന്‍റെയും ഭാഗത്തു നിന്ന് ഏറ്റവും കുറഞ്ഞത് ഒരു ബന്ധുവെങ്കിലും ഇല്ലാതെ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്. അലഹാബാദ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പുതിയ മാറ്റം.
ഇതു സംബന്ധിച്ച് സർക്കുലർ ഇതിനോടകം തന്നെ പുറത്തിറക്കി. വിവാഹ രജിസ്ട്രേഷനിലെ സുതാര്യത ഉറപ്പാക്കാനാണ് നീക്കമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരിച്ചു.
രക്ഷിതാവ്, സഹോദരൻ, മാതാപിതാക്കളുടെ രക്ഷിതാക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമേ വിവാഹ രജിസ്ട്രേഷൻ നടക്കൂ. മിശ്ര വിവാഹങ്ങളെയും ഒളിച്ചോട്ട വിവാഹങ്ങളെയുമാണ് പുതിയ മാറ്റം വളരെ അധികം ബാധിക്കുക.
അതേസമയം, ഗാസിയാബാദിൽ നിയമം കുറച്ചു കൂടി ശക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കൾ പ്രദേശത്തെ സ്ഥിരം താമസക്കാരായാൽ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാനാവൂ. ബന്ധുക്കൾ വിവാഹത്തിന് എത്താത്ത പക്ഷം പൂജാരിയോ പുരോഹിതനോ ഇമാമോ ചടങ്ങിൽ സന്നിഹിതരാവണമെന്നും ഗാസിയാബാദ് സബ് രജിസ്ട്രാർ വിശദമാക്കി. വിവാഹ വീഡിയോയും വിവാഹ പ്രതിജ്ഞയും നിബന്ധമായും തെളിവായി നൽകുകയും വേണമെന്നും ഗാസിയാബാദ് സബ് രജിസ്ട്രാർ വിശദമാക്കി.