ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം. കുംഭമേളയിൽ പങ്കെടുക്കാനായി നിരവധി പേർ എത്തിയതോടെ തിരക്ക് നിയന്ത്രാതീതമാവുകയായിരുന്നു. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരുക്കേറ്റ അൻപതിലേറെ പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. പ്രയാഗ്രാജ് എക്സ്പ്രസിൽ പോകാനായി ആയിരങ്ങൾ ശനിയാഴ്ച രാത്രി സ്റ്റേഷനിലെത്തിയിരുന്നു.
പ്ലാറ്റ്ഫോം 14 ൽ നിന്നായിരുന്നു ഈ ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.