മെഴുകുതിരിയുടെ പേരിൽ പിണങ്ങി മേയറും എംഎൽഎയും
ചെന്നൈ: പൊതുപരിപാടിക്കിടെ പരസ്പരം അവഗണിച്ച് തമിഴ്നാട് എംഎൽഎ എം.ആർ. പല്ലവിയും ചെന്നൈ മേയർ പ്രിയ രാജനും. പുളയന്തോപ്പ് സ്കൂളിലെ പരിപാടിയിലാണ് ഡിഎംകെ പ്രതിനിധിയായ മേയറും ടിവികെയുടെ എംഎൽഎയും തമ്മിലുള്ള ശീതയുദ്ധം പ്രകടമായത്. സ്കൂൾ വീണ്ടും പ്രവർത്തനമാരംഭിക്കുന്നതിന്‍റെ ഭാഗമായി നാട മുറിക്കുന്നതിനായി എംഎൽഎയെയും മേയറെയും അധികൃതർ ക്ഷണിച്ചിരുന്നു. എന്നാൽ മേയർ മുറിക്കും മുൻപേ തന്നെ എംഎൽഎ നാട മുറിച്ചു. പിന്നീട് പൊതു പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രോട്ടോകോൾ പ്രകാരം മേയറാണ് ആദ്യം വിളക്കു കൊളുത്തിയത്. അടുത്ത തിരി തെളിയിക്കുന്നതിനായി എംഎൽഎ മെഴുകുതിരി വാങ്ങാൻ ശ്രമിച്ചുവെങ്കിലും മേയർ എംഎൽഎക്കു കൈമാറാതെ തൊട്ടപ്പുറത്തുള്ള ഉദ്യോഗസ്ഥനു മെഴുകുതിരി കൈമാറുകയായിരുന്നു. ഇതോടെ എംഎൽഎ അവിടെ നിന്നും ഇറങ്ങിപ്പോയി. പിന്നീട് മറ്റ് ഉദ്യോഗസ്ഥരും നേതാക്കളും സംസാരിച്ചതിനു ശേഷമാണ് എംഎൽഎ തിരിച്ചെത്തിയത്. എന്നിട്ടും വിളക്കു കൊളുത്താൻ എംഎൽഎ തയാറായില്ല.
പ്രോട്ടോക്കോൾ പ്രകാരമാണ് താൻ മെഴുകുതിരി ഉദ്യോഗസ്ഥനു നീട്ടിയതെന്നാണ് മേയർ പ്രിയ പറയുന്നത്. 8.45നു നിശ്ചയിച്ചിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ 9 മണിക്കാണ് എംഎൽഎ എത്തിയതെന്നും തന്നെ മറികടന്ന് നാട മുറിച്ചുവെന്നും മേയർ ആരോപിക്കുന്നുണ്ട്. എംഎൽഎക്കു കുറച്ചു സമയം കൂടി കാക്കാമായിരുന്നുവെന്നാണ് മേയറുടെ വാദം.
എന്നാൽ മേയർക്ക് അഹങ്കാരമാണെന്നും തന്നെ മനപ്പൂർവം ചെറുതാക്കാൻ ശ്രമിച്ചുവെന്നുമാണ് എംഎൽഎയുടെ ആരോപണം. പരിപാടിയുടെ തുടക്കം മുതൽ മേയർ തന്നെ അപമാനിക്കാൻ ശ്രമിച്ചതായും പല്ലവി ആരോപിക്കുന്നു. അത് മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണോ എന്നറിയില്ല. എന്തു തന്നെയായാലും അപമാനിക്കപ്പെട്ടതിനാലാണ് അവിടെ നിന്നും ഇറങ്ങിപ്പോയതെന്ന് എംഎൽഎ പറയുന്നു.
എന്തായാലും സംഭവത്തിന്‍റെ വിഡിയോ സോഷ്യൽമീഡിയയിൽ ഹിറ്റാണ്. നാട മുറിക്കാൻ തനിക്ക് അനുവാദം നൽകാഞ്ഞതിന്‍റെ പകയാണ് മേയർ മെഴുകുതിരി നൽകാതെ തീർത്തതെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. എന്നാൽ എംഎൽഎ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയതിനെ മാസ് ബിജിഎം ഇട്ട് റീലാക്കിയവരും ധാരാളമുണ്ട്.