വിതരണം ചെയ്യും മുൻപേ പാലിൽ തുപ്പും; ക്യാമറയിൽ കുടുങ്ങിയതോടെ പാൽക്കാരൻ അറസ്റ്റിൽ
ലക്നൗ: പാലിൽ തുപ്പിയതിനു ശേഷം വീടുകളിൽ പാൽ വിതരണം ചെയ്തിരുന്ന പാൽക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോമതി നഗറിലാണ് സംഭവം. പപ്പു എന്നറിയപ്പെടുന്ന മുഹമ്മദ് ഷരീഫ് ആണ് റസ്റ്റിലായത്. പ്രദേശവാസികളിലൊരാൾ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് പപ്പു സ്ഥിരമായി പാലിൽ തുപ്പിയ ശേഷം വീടുകളിൽ നൽകുന്നതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ഞായറാഴ്ച ഇവർ പൊലീസിൽ പരാതി നൽകി. പ്രതിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് ഗോമതി നഗർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബ്രിജേഷ് തിവാരി വ്യക്തമാക്കി.
ശനിയാഴ്ചയാണ് പ്രദേശവാസി സിസിടിവി പരിശോധിച്ചത്. ഭക്ഷണപദാർഥങ്ങൾ വിതരണം ചെയ്യും മുൻപേ തുപ്പുന്നതിനും മൂത്രം കലർത്തുന്നതിനുമെതിരേ യുപി സർക്കാർ അടുത്തിടെ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
റൊട്ടി നിർമിക്കുന്നതിനിടെ ജീവനക്കാരൻ അതിൽ തുപ്പുന്നതും, ജ്യൂസിൽ മൂത്രം കലർത്തി വിൽക്കുന്നതും അടുത്തിടെ പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും സിസിടിവികൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.