ശ്രീനഗർ: ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിനെ ലഡാഖിന്റെ തലസ്ഥാനമായ ലെയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയിലെ സുപ്രധാനമായ ഇസഡ് മോർ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗതാഗതത്തിന് തുറന്നുകൊടുത്തു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജമ്മു കശ്മീര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
2,400 കോടിരൂപയാണ് നിര്‍മാണച്ചെലവ്. ഇംഗ്ലീഷ് അക്ഷരമാലയിലെ Z എന്ന അക്ഷരത്തിന്‍റെ ആകൃതിയിലുള്ള റോഡിന് പകരം വരുന്ന തുരങ്കമായതിനാലാണ് തുരങ്കത്തിന് Z മോർ എന്ന പേര് ലഭിച്ചത്.
കേന്ദ്ര സർക്കാരിന്‍റെ ഏറെ നിർണായകമായ സോജില ടണൽ പ്രൊജക്‌ടിന്‍റെ ഭാഗമാണീ ഇസഡ് മോർ തുരങ്കം പ്രൊജക്‌ട്. ഗന്ദേർബാലിലെ ഗഗൻഗീറിനെയും സോനാമാർഗിനെയും ബന്ധിപ്പിക്കുന്നതാണ് 6.4 കിലോമീറ്റർ നീളത്തിലുള്ള ഇരട്ടത്തുരങ്കം. 5.6 കിലോമീറ്റർ അപ്രോച്ച് റോഡും പൂർത്തിയായി.
അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷങ്ങൾ തുടരവെ ലഡാക്കിലേക്ക് വർഷത്തിൽ എല്ലാ സമയത്തും ഗതാഗതം സാധ്യമാക്കുന്ന പദ്ധതിയാണ് സോജില ടണൽ പ്രൊജക്‌ട്. ശൈത്യകാലത്ത് മഞ്ഞുവീഴ്ച മൂലം ഗതാഗതം തടസപ്പെടുന്ന മേഖലയാണിത്. തുരങ്കം തുറക്കുന്നതോടെ ഈ പ്രശ്നം ഒഴിവാകും.
സൈനികനീക്കത്തിലും ഇതു നിർണായകമാകും. നിർമാണത്തിലിരിക്കുന്ന സോജില തുരങ്കം കൂടി പൂർത്തിയാകുമ്പോൾ സോനാമാർഗിൽ നിന്ന് ലഡാഖിലെ ദ്രാസിലേക്കും വർഷം മുഴുവനും വാഹന ഗതാഗതം സാധ്യമാകും. 2026 ഡിസംബറിൽ സോജില തുരങ്കം പൂർത്തിയാകുമെന്നാണു കരുതുന്നത്.