ഡൽഹിയിൽ പൊട്ടിത്തെറിച്ചത് 'മദർ ഒഫ് സാത്താൻ'; ചെറുചൂടിലും പൊട്ടിത്തെറിക്കും
ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിനുപയോഗിച്ചത് മദർ ഒഫ് സാത്താൻ എന്ന് കുപ്രസിദ്ധമായ സ്ഫോടക വസ്തുവെന്ന് സൂചന. അമോണിയം നൈട്രേറ്റ് ആയിരിക്കാം സ്ഫോടനത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ചെറുചൂടിൽ പോലും പൊട്ടിത്തെറിക്കുന്ന ട്രൈഅസിടോൺ ട്രൈ പെറോക്സൈഡ് (ടിഎടിപി) ആണെന്നാണ് ഒടുവിൽ കണ്ടെത്തിയിരിക്കുന്നത്. താപനിലയിലെ മാറ്റം, ഘർഷണം, മർദം തുടങ്ങിയവ മൂലമെല്ലാം ടിഎസിടി പൊട്ടിത്തെറിക്കാം. അമോണിയം നൈട്രേറ്റിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് പ്രത്യേകം ഡിറ്റണോറ്ററിന്‍റെ ആവശ്യമില്ല.
ആഗോളതലത്തിൽ അനധികൃതമായി ബോംബ് നിർമിക്കുന്നവരെല്ലാം ഉപയോഗിക്കുന്ന സ്ഫോടക വസ്തു ആയതിനാലാണ് ടിഎടിപിക്ക് മദർ ഒഫ് സാത്താൻ എന്ന പേര് ലഭിച്ചത്. 2017ലെ ബാഴ്സലോണ ആക്രമണം, 2015ലെ പാരിസ് ആക്രമണം, 2017ലെ മാഞ്ചസ്റ്റർ ബോംബിങ്, 2016ലെ ബസൽസ് ബോംബിങ്ങ് എന്നിവയിലെല്ലാം ഉപയോഗിച്ചത് ഇതേ സ്ഫോടക വസ്തു തന്നെയാണ്.
ഡൽഹിയിൽ സ്ഫോടനം നടന്ന പ്രദേശത്ത് നിന്നുമുള്ള വസ്തുക്കൾ ഫൊറൻസിക് പരിശോധന നടത്തിയതിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. സ്ഫോടക വസ്തു കടത്താൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണോ എന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല.
ടിഎടിപി നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കൾ എങ്ങനെ ഉമറിന് ലഭിച്ചുവെന്നതിൽ അന്വേഷണം തുടരുകയാണ്. ഉമറിന്‍റെ ഡിജിറ്റൽ രേഖകൾ, ഫോണിലൂടെയും അല്ലാതെയുമുള്ള ആശയ വിനിമയം, യാത്രകൾ എന്നിവയെല്ലാം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.