ഇടുക്കി ശാന്തൻപാറയിലെ മരം മുറി; സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണൽ
ന്യൂഡൽഹി: ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിലെ കാർഡമം ഹിൽ റിസർവിൽ ഉൾപ്പെട്ട ഭൂമിയിൽ നിന്നും മരം മുറിച്ച് മാറ്റുന്നുവെന്ന വാർത്തകളിൽ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണൽ. സംഭവത്തിൽ സംസ്ഥാന വനം വകുപ്പിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉൾപ്പെടെ അഞ്ച് കക്ഷികൾക്ക് ദേശീയ ഹരിത ട്രിബ്യൂണൽ നോട്ടീസ് അയച്ചു.
വനം വകുപ്പിന്‍റെ അനുമതിയില്ലാതെ നടക്കുന്ന മരം മുറി വനം സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും എതിരാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. കേസിന്‍റെ തുടർ നടപടികൾ ഹരിത ട്രിബ്യൂണലിന്‍റെ സൗത്ത് സോൺ ബെഞ്ചിൽ നടക്കുമെന്ന് ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ച് വ്യക്തമാക്കി.
ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ പ്രിൻസിപ്പൽ ബെഞ്ചിലെ ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അംഗങ്ങളായ ഡോ. എ. സെന്തിൽ വേൽ, ഡോ. അഫ്രോസ് അഹമ്മദ് എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസെടുത്തത്.
കേസിൽ സംസ്ഥാന വനം വകുപ്പിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഇടുക്കി ജില്ലാ കലക്റ്റർ, സംസ്ഥാന മലിനീകരണ ബോർഡ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ ബോർഡ് തുടങ്ങിയവയ്ക്ക് ദേശീയ ഹരിത ട്രിബ്യൂണൽ നോട്ടീസ് അയച്ചു.