പുതിയ ലേബർ കോഡുകളെ കുറിച്ച് പഠിക്കാൻ സമിതി രൂപീകരിക്കുമെന്ന് ദേശീയ തൊഴിൽ കോൺക്ലേവ്

 
India

പുതിയ ലേബർ കോഡുകളെ കുറിച്ച് പഠിക്കാൻ സമിതി രൂപീകരിക്കുമെന്ന് ദേശീയ തൊഴിൽ കോൺക്ലേവ്

തൊഴിലാളി വിരുദ്ധമായ ഒരു ഭേദഗതിയും വരുത്തില്ലെന്ന ഉറച്ച നിലപാടിലാണ് കേരളം.

MV Desk

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാലു പുതിയ ലേബർ കോഡുകളെ കുറിച്ച് പഠിക്കാനും കേരളത്തിലെ തൊഴിലാളികൾക്ക് ഇതു മൂലമുള്ള പ്രത്യാഘാതങ്ങൾ മനസിലാക്കാനും അതിന് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനും മൂന്ന് നിയമ വിദഗ്ധർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാൻ ദേശീയ തൊഴിൽ കോൺക്ലേവ് തീരുമാനിച്ചു.

റിട്ട. ജസ്റ്റിസ് ഗോപാല ഗൗഡ, പ്രൊഫ. ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങൾ. രണ്ട് ഗവേഷക വിദ്യാർഥികൾ കൂടി കമ്മിറ്റിയുടെ ഭാഗമായിരിക്കും. ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.

തൊഴിലാളികളുടെ മൗലികാവകാശങ്ങളെ കവര്‍ന്നെടുക്കുന്ന കേന്ദ്ര നിയമങ്ങള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന പ്രമേയം ഏകകണ്ഠമായി കോണ്‍ക്ലേവ് പാസാക്കി. 29 പ്രധാന തൊഴില്‍ നിയമങ്ങളെ ക്രോഡീകരിച്ച് കേന്ദ്രം കൊണ്ടുവന്ന 4 ലേബര്‍ കോഡുകള്‍ കോര്‍പ്പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളും ലേബര്‍ കോഡുകള്‍ക്ക് അനുകൂലമായി നിയമ ഭേദഗതി വരുത്തിയപ്പോള്‍ തൊഴിലാളി വിരുദ്ധമായ ഒരു ഭേദഗതിയും വരുത്തില്ലെന്ന ഉറച്ച നിലപാടിലാണ് കേരളം.

മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്. തൊഴിൽ മന്ത്രി വി. ശിവൻകുട്ടി, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ, സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ, മുൻ രാജ്യസഭാംഗം എളമരം കരീം, എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജീത് കൗർ, ഐഎൻടിയുസി ദേശീയ സെക്രട്ടറി സഞ്ജയ്കുമാർ സിങ്, സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ, തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ്, നിയമ സെക്രട്ടറി കെ.ജി. സനൽകുമാർ, ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം