സുരേന്ദ്ര കോലി
ന്യൂഡൽഹി: നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ വെറുതെ വിട്ട സുപ്രീം കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബം. പ്രതികളായ എല്ലാവരും കുറ്റവിമുക്തരായി, അപ്പോൾ ഞങ്ങളുടെ മക്കളെ കൊന്നത് പ്രോതമാണോ? എന്ന് കുടുംബം ചോദിക്കുന്നു.
"മോനീന്ദർ സിങ് പാന്ഥർ കുറ്റവിമുക്തനാക്കിയപ്പോൾ ഞങ്ങൾക്ക് വേദന തോന്നി... പാന്ഥർ പൊലീസിന് മുന്നിൽ തന്‍റെ കുറ്റം സമ്മതിച്ചിരുന്നു. സുരേന്ദ്ര കോലിയും പന്ഥനും കൊലയ്ക്ക് ഉത്തരവാദിയല്ലെങ്കിൽ എന്തിനാണ് ഇത്രയും വർഷങ്ങൾ അവരെ ജയിലിലടച്ചത്? അങ്ങനെയെങ്കിൽ, അദ്ദേഹത്തെ ജയിലിലടച്ചവരെ തൂക്കിക്കൊല്ലണം. അവർ കുറ്റവാളികളല്ലെങ്കിൽ, പിന്നെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മരണത്തിന് പിന്നിൽ ആരാണ്?" വിധിക്ക് ശേഷം മരിച്ച ഒരു കുട്ടിയുടെ പിതാവ് പറഞ്ഞു.
"പാന്ഥറും കോലിയും നിരവധി കുട്ടികളെ കൊന്നു. അവയവങ്ങൾ കടത്തി. പക്ഷേ ഇതൊന്നും അവരല്ല ചെയ്തത്. അവരെ കോടതി വെറുതെ വിട്ടു. അപ്പോൾ പിന്നെ ഇതൊക്കെ ചെയ്തത് ആരാണ്? വീട്ടിൽ ഒരു പ്രേതമുണ്ടായിരുന്നോ? അവരാണോ ഇതൊക്കെ ചെയ്തത്? ആരൊക്കെ പ്രതികളെ വെറുതെ വിട്ടാലും ദൈവം അവരെ വെറുതെ വിടില്ല.''- കുട്ടികളുടെ അമ്മ പ്രതികരിച്ചു.
2006ൽ നിതാരി ഗ്രാമത്തിലെ വ്യവസായിയായ മൊനീന്ദർ സിങ് പാന്ഥറുടെ വീടിനു പുറകിലുള്ള കാനയിൽ നിന്ന് എട്ടു കുട്ടികളുടെ അസ്ഥികൂടങ്ങൾ ലഭിച്ചതോടെയാണ് കൊലക്കേസിൽ അന്വേഷണം ആരംഭിച്ചത്. ആ സമയത്ത് പാന്ഥറുടെ വീട്ടിലെ ജോലിക്കാരനായിരുന്നു സുരേന്ദ്ര കോലി. ബലാത്സംഗം, കൊലപാതകം, നരഭോജനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 13 കേസുകളാണ് ഫയൽ ചെയ്തിരുന്നത്. അതിൽ 12 കേസുകളിൽ നിന്നും കോലിയെ കോടതി നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.
എന്നാൽ അലഹബാദ് ഹൈക്കോടതി 2009ൽ സുരേന്ദ്ര കോലിക്ക് വധശിക്ഷ നൽകി. കൂട്ടുപ്രതിയായ മനീന്ദർ സിങ് പാന്ഥറിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 2014ൽ വിധിയിൽ പുനപ്പരിശോധന ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. എന്നാൽ 2015 ജനുവരിയിൽ അലഹാബാദ് ഹൈക്കോടതി കോലിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ദയാഹർജിയിൽ തീരുമാനം വൈകുന്നതായിരുന്നു കാരണം.
ഇതിനെതിരേ സിബിഐയും ഇരയുടെ കുടുംബവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പക്ഷേ എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി. മറ്റു കേസുകളിൽ എല്ലാം കുറ്റവിമുക്തനായ പ്രത്യേക സാഹചര്യത്തിലാണ് സുപ്രീം കോടതി കോലിയുടെ ഹർജി പരിഗണിച്ചത്.