നിതിൻ നബീൻ സിൻഹ

 
India

നിതിൻ നബീൻ സിൻഹ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്‍റ്

യുപി ബിജെപി അധ്യക്ഷനായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെയും നിയമിച്ചു.

MV Desk

ന്യൂഡൽഹി: ബിഹാറിലെ മന്ത്രിയും യുവ നേതാവുമായ നിതിൻ നബീൻ സിൻഹയെ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. പാർട്ടി പാർലമെന്‍ററി ബോർഡ് യോഗത്തിലാണു തീരുമാനം. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ പിൻഗാമിയെച്ചൊല്ലി അനിശ്ചതത്വം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി വർക്കിങ് പ്രസിഡന്‍റിനെ നിയമിച്ചത്. നിയമനം പ്രാബല്യത്തിലായെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്.

യുപി ബിജെപി അധ്യക്ഷനായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെയും നിയമിച്ചു. ഭൂപേന്ദ്ര ചൗധരിയുടെ പിൻഗാമിയായാണു കേന്ദ്ര മന്ത്രിയുടെ നിയോഗം. കായസ്ത വിഭാഗത്തിൽ നിന്നുള്ള നേതാവാണു നാൽപ്പത്തഞ്ചുകാരൻ നിതിൻ നബീൻ. നഡ്ഡയുടെ പിൻഗാമിയായി ദേശീയ അധ്യക്ഷനായേക്കുമെന്നാണു കരുതുന്നത്. അങ്ങനെയെങ്കിൽ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്‍റാകും നിതിൻ നബീൻ.

ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിൽ പിഡബ്ല്യുഡി മന്ത്രിയാണു നബീൻ. പറ്റ്നയിലെ ബങ്കിപ്പുരിൽ നിന്ന് അഞ്ചു തവണ എംഎൽഎയായിട്ടുണ്ട്. തെരഞ്ഞെടുപ്പു വിജയത്തിൽ പ്രവർത്തകർക്കു നന്ദിപറയാൻ പറ്റ്നയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ നിതിൻ നബീനെത്തിയപ്പോഴാണു ദേശീയ അധ്യക്ഷനായുള്ള നിയമനം പ്രഖ്യാപിച്ചത്. പാർട്ടിയുടെ തീരുമാനം വിനയത്തോടെ സ്വീകരിക്കുന്നുവെന്നും നിരവധി പ്രവർത്തകരുടെ ത്യാഗങ്ങളാണ് തന്നെപ്പോലുള്ളവരെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2020 ജനുവരിയിൽ അമിത് ഷായുടെ പിൻഗാമിയായാണു ജെ.പി. നഡ്ഡ ബിജെപി അധ്യക്ഷനായത്. മൂന്നു വർഷ കാലാവധി പൂർത്തിയായെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് നഡ്ഡയ്ക്ക് ഒരു വർഷം കൂടി നീട്ടിനൽകിയിരുന്നു. എന്നാൽ, ഇതിനുശേഷവും പിൻഗാമിയെ തീരുമാനിക്കാനിയിരുന്നില്ല പാർട്ടിക്ക്. ഇതിനിടെയാണ് വർക്കിങ് പ്രസിഡന്‍റ് നിയമനം.

പുതിയ നേതാവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. കഠിനാധ്വാനിയായ പ്രവർത്തകനാണു നിതിൻ നബീനെന്നു പറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹത്തിന്‍റെ ഊർജസ്വലതയും സമർപ്പണവും പാർട്ടിക്ക് കരുത്തു നൽകുമെന്നു സമൂഹമാധ്യമത്തിൽ കുറിച്ചു.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച