സുപ്രീം കോടതി 
India

പ്രത്യേക പരിഗണനയില്ല, ചെയ്തത് ന്യായം; കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിനെതിരായ വിമർശനങ്ങൾ തള്ളി സുപ്രീം കോടതി

വിധിന്യായത്തിനെതിരായ ക്രിയാത്മക വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നെന്നും സുപ്രീം കോടതി പറഞ്ഞു.

ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരായ വിമർശനങ്ങൾ തള്ളി സുപ്രീം കോടതി. ആർക്കും പ്രത്യേക പരിഗണന നൽകിയിട്ടില്ല. ന്യായമെന്ന് വിലയിരുത്തിയാണ് ജാമ്യം നൽകിയത്. വിധിന്യായത്തിനെതിരായ ക്രിയാത്മക വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നെന്നും സുപ്രീം കോടതി പറഞ്ഞു. എഎപിക്ക് വിജയം നൽകിയാൽ തനിക്ക് ജയിലിലേക്ക് തിരികെപ്പോകേണ്ടിവരില്ലെന്ന് പ്രചാരണയോഗത്തിൽ കെജ്‌രിവാൾ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമീപിച്ചപ്പോഴാണ് കോടതിയുടെ വിശദീകരണം. കെജ്‌രിവാളിന്‍റേത് സ്വന്തം അഭിപ്രായം മാത്രമാണെന്നു പറഞ്ഞ കോടതി ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി.

തെരഞ്ഞെടുപ്പ് ജയിച്ചാൽ ജയിലിലേക്ക് പോകേണ്ടിവരില്ലെന്ന പ്രസ്താവന ജുഡീഷ്യറിയുടെ മുഖമടച്ചുള്ള അടിയാണെന്നായിരുന്നു ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയുടെ ആരോപണം. എന്നാൽ, അത് കെജ്‌രിവാളിന്‍റെ മാത്രം അനുമാനമാണെന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും പറഞ്ഞു. കേസിനെക്കുറിച്ചല്ല ആ പരാമർശം. ജൂൺ രണ്ടിന് കെജ്‌രിവാൾ കീഴടങ്ങണം. അതുവരെ കേസിനെക്കുറിച്ചു സംസാരിക്കരുത്. ഇക്കാര്യത്തിൽ കോടതി ഉത്തരവ് സുവ്യക്തമാണ്- സുപ്രീം കോടതി പറഞ്ഞു.

എഎപി നേതാവിന് പ്രത്യേക പരിഗണന കിട്ടിയതായി പലരും കരുതുന്നുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന കെജ്‌രിവാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അമിത് ഷായെ നേരിട്ടു പരാമർശിക്കാതെയായിരുന്നു സിങ്‌വിയുടെ നടപടി. എന്നാൽ, ആ വിഷയത്തിലേക്കു പോകുന്നില്ലെന്നു കോടതി പറഞ്ഞു.

കഴിഞ്ഞ 10നാണു കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അവസാനഘട്ടം വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നു വരെയാണ് ഇളവ്. രണ്ടിന് വീണ്ടും ജയിലിലേക്കു മടങ്ങണം.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി