"ചുംബന വിഡിയോ സർക്കാരിനെ നാണം കെടുത്തി"; കർണാടക ഡിജിപിക്ക് സസ്പെൻഷൻ
ബംഗളൂരു: വിവാദ അശ്ലീല വിഡിയോകൾ പുറത്തു വന്നതിനു പിന്നാലെ കർണാടക ഡിഡിപി (സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്‍റ്) കെ. രാമചന്ദ്രറാവുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിജിപി ഓഫിസിൽ വച്ച് സ്ത്രീകളുമായി അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമായ സ്ഥിരീകരിക്കാത്ത വിഡിയോകളാണ് പുറത്തു വന്നിരുന്നത്. റാവു സ്ത്രീകളുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തു വന്നിരുന്നു. ഒരു സർക്കാർ സേവകൻ ചെയ്യാൻ പാടില്ലാത്ത വിധത്തിലുള്ള അശ്ലീല പെരുമാറ്റത്തിലൂടെ സർക്കാരിന് മുഴുവൻ നാണക്കേട് ഉണ്ടാക്കിയെന്നാണ് റാവുവിന്‍റെ സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
റാവു നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയതിനാൽ ഡോ. രാമചന്ദ്ര റാവുവിനെ ഡിജിപി സ്ഥാനത്തു നിന്ന് അടിയന്തരമായി സസ്പെൻഡ് ചെയ്യുന്നുവെന്നുമാണ് ഉത്തരവിൽ ഉള്ളത്. സസ്പെൻഷൻ കാലാവധിയിൽ റാവുവിന് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് സർക്കാരിൽ നിന്നുള്ള അനുമതി കൂടാതെ ഒരു സാഹചര്യത്തിലും പോകാൻ സാധിക്കില്ലെന്നും ഉത്തരവിലുണ്ട്.
വിരമിക്കാൻ വെറും നാലു മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് റാവു അശ്ലീല വിഡിയോയിൽ കുരുങ്ങിയിരിക്കുന്നത്. അതേ സമയം വിഡിയോ വ്യാജമാണെന്നാണ് റാവുവിന്‍റെ ആരോപണം.
ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള വിഡിയോ ആർക്കുമുണ്ടാക്കാം. എനിക്ക് അതേക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നാണ് റാവു പറയുന്നത്.
ഔദ്യോഗിക ഓഫീസിലേക്ക് വിളിച്ചു വരുത്തി, ഡിജിപി യൂണിഫോമിൽ യുവതിയോട് അടുത്ത് ഇടപെഴകുന്നതിന്‍റെയും ചുംബിക്കുന്നതിന്‍റെയും 47 സെക്കന്‍ഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ആരോണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. വീഡിയോ പുറത്ത് വന്നതോടെ രാമചന്ദ്ര റാവു ആഭ്യന്തരമന്ത്രി ജി.പരമേശ്വരയെ കാണാൻ ശ്രമിച്ചെങ്കിലും മന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്നാണ് വിവരം. വീഡിയോ വ്യാജമാണെന്നും അന്വേഷണം വേണമെന്നുമാണ് രാമചന്ദ്രറാവുവിന്‍റെ ആവശ്യം. സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആർ. രാമചന്ദ്ര റാവു
രാമചന്ദ്ര റാവുവിന്‍റെ മകൾ രന്യാ റാവു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായിരുന്നു. അന്ന് മകളെ വഴിവിട്ട് സഹായിച്ചെന്ന പേരിൽ റാവുവിന് നിർബന്ധിത അവധിയിൽ പോകേണ്ടിവന്നിരുന്നു. സർവീസിൽ തിരികെ പ്രവേശിച്ച് അധികം നാളുകൾ ആവും മുൻപാണ് അശ്ലീല വിഡിയോ വിവാദം പുറത്തുവന്നിരിക്കുന്നത്.