നദിയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം; ഒഡീശയിൽ കലാപം, 163 വീടുകൾ കത്തിച്ചു
മാൽക്കാൻഗിരി: നദിയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഒഡീശയിൽ കലാപം ശക്തമാകുന്നു. ഇരു സമുദായങ്ങൾ തമ്മിലുള്ള കാലപത്തിൽ മാൽക്കൻഗിരിയിലെ 163 വീടുകൾ തീയിട്ടതായാണ് റിപ്പോർട്ട്. പ്രദേശത്ത് സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. വാട്സാപ്പ്, ഫെയ്സ്ബുക്ക്, എക്സ് എന്നിവ അടങ്ങുന്ന സമൂഹമാധ്യമങ്ങളെല്ലാം ഡിസംബർ 10 രാത്രി 12 മണി വരെ ജില്ലയിൽ നിരോധിച്ചിരിക്കുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണെങ്കിൽ നിരോധനം ഇനിയും കൂടും. സാമൂഹ്യ വിരുദ്ധ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതാണ് നിരോധനത്തിന് കാരണം. സാഹചര്യം കൂടുതൽമോശമാകാതിരിക്കുന്നതിനായി ഡിസംബർ 9 വരെ ജില്ലയിൽ ഇന്‍റർനെറ്റ് റദ്ദാക്കിയിരുന്നു.
വ്യാഴാഴ്ചയാണ് കലാപത്തിന് കാരണമായ സംഭവം ഉണ്ടായത്. രഖേൽഗുഡ ഗ്രാമത്തിലെ പൊട്ടേരു എന്ന തടാകത്തിൽ നിന്ന് 55 വയസോളം പ്രായമുള്ള പൊടിയാമി എന്ന ആദിവാ,ി സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച മുതൽ പൊടിയാമിയെ കാണാനില്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പൊടിയാമിയുടെ മകൻ കോരുകോണ്ട പൊലീസിൽ പരാതിയും നൽകിയിരുന്നു.
തടാകത്തിൽ മൃതദേഹം കണ്ടെത്തിയതോടെ ഗ്രാമീണർ അക്ഷരാർഥത്തിൽ നടുങ്ങി. പൊടിയാമിയുടെ തല കണ്ടെത്താനുള്ള ശ്രമങ്ങൾ ഇനിയും വിജയിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് എംവി26 ലെ 45 വയസുള്ള ശുഭരഞ്ജൻ മോണ്ടലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ സ്ഥലവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാഖൽഗുഡ ഗ്രാമത്തിലെ ആദിവാസി വിഭാഗം പ്രതികാരം തീർക്കാനായി എംവി-26 ഗ്രാമത്തെ ആക്രമിച്ചതോടെയാണ് മാൽക്കാൻഗിരിയിൽ പ്രശ്നം ആരംഭിച്ചത്. നിലവിൽ ഇരു ഗ്രാമങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളുമായി സമാധാന ചർച്ച നടത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.