റിപ്പബ്ലിക് ദിനത്തിൽ മത്സ്യവും മാംസവും നിരോ ധിച്ച് ഒഡീശ കോരാപ്പുത്ത് ജില്ലാ കലക്റ്റർ
കോരാപ്പുത്ത്: റിപ്പബ്ലിക് ദിനത്തിൽ മത്സ്യവും മാംസവും നിരോധിച്ച് ഒഡീശയിലെ കോരാപ്പുത്ത് ജില്ലാ അധികൃതർ. ദേശീയദിനമായ അന്ന് ജില്ലയിൽ മത്സ്യം, മാംസം, മുട്ട തുടങ്ങി സസ്യേതര വിഭവങ്ങളുടെ വിൽപ്പന പൂർണമായി നിരോധിച്ചുകൊണ്ടാണ് ജില്ലാ കലക്റ്റർ മനോജ് സത്യബെൻ മഹാജന്‍റെ ഉത്തരവ്.
റിപ്പബ്ലിക് ദിനാഘോഷത്തെ ബഹുമാനിക്കാനും ഏകരൂപമുണ്ടാക്കാനുമാണ് നിരോധനമെന്നും എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ പരിധിയിൽ ഉത്തരവ് കൃത്യമായി പാലിക്കണമെന്നും കലക്റ്ററുടെ നിർദേശത്തിൽ പറയുന്നു. കോരാപ്പുത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമാണ് ഇത്തരമൊരു നടപടി. ജനങ്ങളിൽ ഒരു വിഭാഗം ഇതു നല്ലതാണെന്നും ഭരണപരമായ നിർദേശം പാലിക്കണമെന്നും അഭിപ്രായപ്പെട്ടപ്പോൾ വലിയൊരു വിഭാഗം ഇതിന്‍റെ സാംഗത്യത്തെ ചോദ്യം ചെയ്തു.
റിപ്പബ്ലിക് ദിനത്തിന് മതാചാരങ്ങളുമായി ഒരു ബന്ധവുമില്ലെന്നിരിക്കെ എന്തിനാണ് മത്സ്യവും മാംസവും നിരോധിക്കുന്നതെന്നാണ് അവരുയർത്തുന്ന ചോദ്യം.തെരുവുകളിലെ തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യമെങ്കിൽ വിൽപ്പന പൂർണമായി നിരോധിക്കുന്നതിനു പകരം സസ്യേതര ഭക്ഷണശാലകളുടെ പ്രവർത്തനം നിയന്ത്രിച്ചാൽ മതിയായിരുന്നെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.