റിജാസ് സൈദീക്ക്
മുംബൈ: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് സോഷ‍്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായ സ്വതന്ത്ര മാധ‍്യമ പ്രവർത്തകനും മലയാളിയുമായ റിജാസ് സൈദീക്ക് (26) ഡാർക്‌വെബിൽ സജീവമായിരുന്നതായി അന്വേഷണ ഉദ‍്യോഗസ്ഥർ വെളിപ്പെടുത്തി.
റിജാസിന്‍റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ ഫൊറൻസിക് ലാബിലേക്ക് അയച്ചതായും പ്രാഥമിക അന്വേഷണത്തിലൂടെയാണ് ഇക്കാര‍്യം വ‍്യക്തമായെന്നും മഹാരാഷ്ട്ര എടിഎസ് പറഞ്ഞു.
പ്രകോപനപരമായ പോസ്റ്റുകളാണ് റിജാസ് ഡാർക് വെബിൽ പങ്കുവച്ചിരുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഒരു തോക്ക് കട സന്ദർശിച്ച ശേഷം കയ്യിൽ തോക്കേന്തി നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു. അതേസമയം റിജാസിന്‍റെ കസ്റ്റഡി 2 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
മേയ് 7ന് ആയിരുന്നു റിജാസിനെയും പെൺ സുഹൃത്തിനെയും നാഗ്പൂരിലെ ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തത്. സുഹൃത്തായ ഇഷയെ പിന്നീട് വിട്ടയച്ചിരുന്നു. റിജാസിന്‍റെ കൊച്ചിയിലേ വീട്ടിൽ നാഗ്പൂർ പൊലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പൊലീസും പരിശോധന നടത്തിയിരുന്നു. പെൻഡ്രൈവുകളും ഫോണും പുസ്തകങ്ങളുമായിരുന്നു പരിശോധനയിൽ കണ്ടെടുത്തത്. റിജാസിനെതിരേ യുഎപിഎയും ചുമത്തിയിരുന്നു.