Narendra Modi
കോൽക്കത്ത: വോട്ടർ പട്ടിക പരിഷ്കരണത്തെ (എസ്ഐആർ) തൃണമൂൽ കോൺഗ്രസ് എതിർക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാനാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂലിന്‍റെ യഥാർഥ നിറം തെളിഞ്ഞുകാണുന്നുണ്ടെന്നും അദ്ദേഹം. നാദിയ ജില്ലയിലെ തഹേർപുരിൽ ബിജെപി സംഘടിപ്പിച്ച റാലിയെ കോൽക്കത്തയിൽ നിന്നു വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രതികൂല കാലാവസ്ഥ മൂലം തഹേർപുരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര ഉപേക്ഷിച്ചതിനാലാണ് മോദി, വെർച്വലായി പങ്കെടുത്തത്.
പശ്ചിമബംഗാളിൽ ഇപ്പോൾ നിലനിൽക്കുന്നത് വലിയ കാട്ടുഭരണമാണ്. അഴിമതിയും സ്വജനപക്ഷപാതവു പ്രീണനവുമാണ് തൃണമൂൽ കോൺഗ്രസിന്‍റെ നയം. ഇതു സംസ്ഥാനത്തിന്‍റെ വികസനത്തെ തടയുന്നു. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലും ഇരട്ട എൻജിൻ സർക്കാർ വരണം.
ബിഹാറിലേതുപോലെ ബിജെപിക്ക് വൻ വിജയം നൽകണമെന്നും മോദി. ഗംഗാ നദി ബിഹാറിൽ നിന്ന് ബംഗാളിലേക്കാണ് ഒഴുകുന്നത്. അതിനാൽ ബിഹാറിലെ വിജയം ബംഗാളിൽ ബിജെപിയുടെ വാതിൽ തുറക്കുകയാണെന്നും മോദി പറഞ്ഞു. കോൽക്കത്തയിൽ നിന്ന് ദ്വിദിന സന്ദർശനത്തിന് അസമിലെത്തിയ പ്രധാനമന്ത്രി അവിടെ റോഡ് ഷോ നടത്തി.