തിരിച്ചടി തുടർന്ന് ഇന്ത്യ; പാക്കിസ്ഥാന്‍റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രത്യാക്രമണം നടത്താനുള്ള പാക് ശ്രമങ്ങൾക്കെതിരേ തിരിച്ചടി തുടർന്ന് ഇന്ത്യ. ലാഹോർ അടക്കമുള്ള മേഖലകളിലെ പാക്കിസ്ഥാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി കേന്ദ്രം സ്ഥിരീകരിച്ചു. രാത്രിയിലും വ്യാഴാഴ്ച പുലർച്ചയുമായാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ആക്രമണം നടത്താൻ ശ്രമിച്ചത്.
രാജ്യത്തിന്‍റെ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ മേഖലകളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളെ ഇന്ത്യ തകർത്തു. പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യൻ വ്യോമ പ്രതിരോധ സിസ്റ്റം തകർത്തതായും കേന്ദ്രം സ്ഥിരീകരിച്ചു.
ബുധനാഴ്ചയിലും രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയുമായി അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലൈ, ഭുജ് എന്നിവയുൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പാക്കിസ്ഥാൻ ശ്രമിച്ചു. ഇന്‍റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ ഈ ശ്രമങ്ങളെയെല്ലാം നിർവീര്യമാക്കി. പാക്കിസ്ഥാൻ ആക്രമണങ്ങൾക്ക് തെളിവായി നിരവധി സ്ഥലങ്ങളിൽ നിന്ന് ഈ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
പ്രകോപനമില്ലാതെ തന്നെ നിയന്ത്രണ രേഖയിൽ പാക് വെടിവയ്പ്പ് തുടരുകയാണ്. കുപ്‌വാര, ബാരാമുള്ള, ഉറി, പൂഞ്ച് , രജോറി ജില്ലകളിലുണ്ടായ വെടിവയ്പ്പിൽ 3 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടതായും ഇന്ത്യ വ്യക്തമാക്കി.