വ്യോമാതിര്‍ത്തി അടച്ചിടുന്നത് പാക്കിസ്ഥാന്‍ ഒരുമാസത്തേക്ക് കൂടി നീട്ടുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചിടുന്നത് ഒരു മാസം കൂടി നീട്ടാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി ബുധനാഴ്ച ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നു ന്യൂഡല്‍ഹി ചില നയതന്ത്ര നടപടികള്‍ പാക്കിസ്ഥാനെതിരേ സ്വീകരിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണു പാക്കിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വ്യോമാതിര്‍ത്തി പ്രവേശനം മേയ് 23 വരെ നിരോധിച്ചത്.
ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍റെ (ഐസിഎഒ) നിയമങ്ങള്‍ പ്രകാരം ഒരു മാസത്തില്‍ കൂടുതല്‍ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ല. ഇതേ തുടര്‍ന്നാണ് മേയ് 23 വരെ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു പാക്കിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കാലാവധി അവസാനിക്കുന്ന മേയ് 23 ന് ശേഷം നിരോധനം ദീര്‍ഘിപ്പിക്കാനാണു പാക്കിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാന്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇതാദ്യമല്ല. 1999ലെ കാര്‍ഗില്‍ യുദ്ധ സമയത്തും 2019ലെ പുല്‍വാമ സംഘര്‍ഷത്തിനിടയിലും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു.