പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്നു എന്നു കരുതപ്പെടുന്ന കിരാന ഹിൽസ്
ന്യൂഡൽഹി: ഇന്ത്യ ആണവകേന്ദ്രം ആക്രമിച്ചേക്കുമെന്നു ഭയന്ന പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ യുഎസിന്‍റെ സഹായം തേടിയെന്നു റിപ്പോർട്ട്.
പാക് വ്യോമതാവളങ്ങൾ തകർത്തതോടെ അടുത്ത നടപടി ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ച് ആണവകേന്ദ്രങ്ങൾ തകർക്കുകയാണെന്നു പാക്കിസ്ഥാൻ ഭയന്നു. ഇതോടെ, അവർ ഡോണൾഡ് ട്രംപ് ഭരണകൂടത്തെ സമീപിച്ചു. ഇതേത്തുടർന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാർക്കോ റുബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ വിളിച്ചു.
യുദ്ധം ഇന്ത്യയുടെ താത്പര്യമല്ലെന്നു വ്യക്തമാക്കിയ ജയശങ്കർ മൂന്നാം കക്ഷിയുടെ ഇടപെടൽ തള്ളി. ഉഭയകക്ഷി പ്രശ്നമാണെന്നും വേണമെങ്കിൽ പാക്കിസ്ഥാൻ നേരിട്ടു വിളിക്കട്ടെയെന്നും ജയശങ്കർ നിലപാടെടുത്തു. ഇതോടെ, പാക് ഡിജിഎംഒ, ഇന്ത്യയുടെ ഡിജിഎംഒയെ വിളിച്ച് വെടിനിർത്തലിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
ആണവ കേന്ദ്രം ലക്ഷ്യമിട്ടില്ല: ഇന്ത്യ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെ കിരാന ഹിൽസിലുളള ആണവകേന്ദ്രം ഇന്ത്യ തകർത്തെന്ന അഭ്യൂഹങ്ങൾ തള്ളി സൈന്യം. മൂന്നു സേനകളുടെയും സൈനികകാര്യ ഡയറക്റ്റർ ജനറൽമാർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ എയർ ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ എയർ മാർഷൽ എ.കെ. ഭാരതിയാണ് ചില പോർട്ടലുകളിലും സാമൂഹികമാധ്യമങ്ങളിലും നടക്കുന്ന പ്രചാരണം തള്ളിയത്.
''കിരാന ഹിൽസിൽ ആണവകേന്ദ്രം പ്രവർത്തിക്കുന്നതായി അറിയിച്ചതിനു നന്ദി. അങ്ങനെയൊന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആക്രമണം നടത്തിയതായി ഞങ്ങൾ നൽകിയ പട്ടികയിൽ അങ്ങനെയൊരു കേന്ദ്രം ഉൾപ്പെട്ടിട്ടില്ല''- ഭാരതി വിശദീകരിച്ചു.
അതേസമയം, കറാച്ചിയിലും ലഹോറിലും ഇസ്‍ലാമാബാദിലും ആക്രമണം നടത്തിയെന്നു സൈന്യം സ്ഥിരീകരിച്ചു. അതിർത്തിയിൽ നിന്നു 150 കിലോമീറ്റർ അകലെ കറാച്ചിയിലെ മിലിർ കന്‍റോൺമെന്‍റിൽ വ്യോമാക്രമണം നടത്തി. ചക്‌ലാല, റഫീഖി, റഹിംയാർഖാൻ, സർഗോധ, ഭുലാരി, ജക്കോബാബാദ് എന്നീ വ്യോമതാവളങ്ങളും തകർക്കെന്ന് ഭാരതി പറഞ്ഞു.
ഇന്ത്യ ആക്രമിച്ച സർഗോധ വ്യോമതാവളത്തിന് എട്ടു കിലോമീറ്റർ തെക്കുകിഴക്കാണ് കിരാന കുന്നുകൾ. ഈ മലയിലെ ഭൂഗർഭ അറകളിലാണു പാക് ആണവായുധങ്ങൾ സംഭരിച്ചുവച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്. ഇന്ത്യ ഇവിടെ ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ചെന്നും ഇതോടെ യുഎസ് ഇടപെടുകയായിരുന്നെന്നുമാണു പ്രചാരണം.
ആണവ ചോർച്ചകൾ പരീക്ഷിക്കുന്നതിനോ അവയെ നിയന്ത്രിക്കുന്നതിനോ വേണ്ടി, യുഎസിൽ നിന്നും ഈജിപ്റ്റിൽ നിന്നുമുള്ള വിമാനങ്ങൾ പാക്കിസ്ഥാനിലെത്തിയെന്നും പ്രചാരണമുണ്ടായി.
ആണവയുദ്ധം യുഎസ് ഒഴിവാക്കിയെന്ന് ട്രംപ്
വാഷിങ്ടൺ: ഇന്ത്യ- പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രണ്ട് ആണവശക്തികൾ തമ്മിലുള്ള സംഘർഷത്തിൽ അടിയന്തര വെടിനിർത്തലിന് യുഎസ് ഭരണകൂടം സഹായിച്ചു. ഇതു സ്ഥിരമായ വെടിനിർത്തലായി മാറുമെന്നാണു കരുതുന്നത്.
സംഘർഷം ആണവയുദ്ധത്തിലേക്കു നീങ്ങുമായിരുന്നെന്നും ഇതൊഴിവാക്കിയതിന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിനെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയെയും അഭിനന്ദിക്കുകയാണെന്നും ട്രംപ്.
മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്‍റെ വാദം ഇന്ത്യ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അവകാശവാദം.