പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
ഇസ്‌ലാമബാദ്: ഇന്ത്യയുമായുള്ള ഒരു'സമ്പൂര്‍ണ്ണ യുദ്ധ' സാധ്യത ഇസ്ലാമാബാദിന് തള്ളിക്കളയാനാവില്ലെന്നു പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ചൊവ്വാഴ്ച പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യം 'പൂര്‍ണ ജാഗ്രത'യിലാണെന്നും അദ്ദേഹം പറഞ്ഞു. 'ഒരു സാഹചര്യത്തിലും ഞങ്ങള്‍ ഇന്ത്യയെ അവഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല.
എന്‍റെ വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍, അതിര്‍ത്തി കടന്നുകയറ്റമോ ആക്രമണങ്ങളോ (ഒരുപക്ഷേ അഫ്ഗാന്‍) ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഒരു സമഗ്ര യുദ്ധമോ ശത്രുതാപരമായ തന്ത്രമോ ഉണ്ടാകാനുള്ള സാധ്യത എനിക്ക് തള്ളിക്കളയാനാവില്ല. നമ്മള്‍ പൂര്‍ണമായും ജാഗ്രത പാലിക്കണം,' എന്ന് സമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനെ ' 88 മണിക്കൂര്‍ ട്രെയ്‌ലര്‍ ' എന്ന് ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ചതിനു ദിവസങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പരാമര്‍ശം. ഒരു അയല്‍രാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നു പാക്കിസ്ഥാനെ പഠിപ്പിക്കാന്‍ ഇന്ത്യന്‍ സായുധ സേന തയാറാണെന്നും ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞിരുന്നു.