സിമി നിരോധനത്തിനെതിരായ ഹർജി തള്ളി
ന്യൂഡൽഹി: സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് മൂവ്മെന്‍റ് ഒഫ് ഇന്ത്യ (സിമി) നിരോധനം അഞ്ചു വർഷം കൂടി നീട്ടിയതിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കാൻ വിസമ്മതിച്ചു. 2024 ജനുവരി 29നു യുഎപിഎ ട്രൈബ്യൂണലാണ് സിമി നിരോധനം അഞ്ചു വർഷത്തേക്കു കൂടി നീട്ടിയത്.
ഇതിനെതിരേ സിമി മുൻ അംഗം ഹുമാം മുഹമ്മദ് സിദ്ദിഖിയാണു സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി പരിഗണിക്കാനാവില്ലെന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
2001ൽ എ.ബി. വാജ്പേയി സർക്കാരാണ് അട്ടിമറിയിലൂടെ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യവും ഭീകരസംഘടനകളുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടി സിമിയെ നിരോധിച്ചത്.
പിന്നീട് നിരോധനം കാലാകാലങ്ങളായി നീട്ടി. 1977 ഏപ്രിൽ 25ന് അലിഗഡ് സർവകലാശാലയിൽ ജമാ അത്തെ ഇസ്‌ലാമി ഹിന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് സിമി.