'മദർ മേരി കംസ് ടു മി'
ന‍്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചയാൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. കേരള ഹൈക്കോടതി വിധിക്കെതിരേയാണ് അപ്പീൽ നൽകിയിരിക്കുന്നത്.
പുസ്തകത്തിന്‍റെ കവറായ പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നൽകാതെ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചായിരുന്നു ഹൈക്കോടതിയിൽ ഹർജിയെത്തിയത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ‍്യക്ഷനായ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. അനാവശ‍്യ കാര‍്യങ്ങൾക്കു വേണ്ടി പൊതുതാത്പര‍്യ ഹർജികളെ ദുരുപയോഗം ചെയ്യരുതെന്നും ഹർജിക്കാരന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ പുസ്തകത്തിനു പിന്നിലുള്ള മുന്നറിയിപ്പ് നിയമപരമല്ലെന്നാണ് ഹർജിക്കാരൻ പറയുന്നത്. പുകവലിക്കെതിരായ മുന്നറിയിപ്പ് നൽകേണ്ട രീതിയല്ല ഇതെന്നും ഹൈക്കോടതി ഇക്കാര‍്യം പരിശോധിച്ചില്ലെന്നും ഹർജിക്കാരൻ പറയുന്നു.