ഇന്ധന വില കുറയാൻ സാധ്യത

 
India

ഇന്ധന വില കുറയാൻ സാധ്യത

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വരെ കുറയാനാണ് സാധ്യത

ബിസിനസ് ലേഖകൻ

കൊച്ചി: രാജ്യാന്തര ക്രൂഡ് ഓയില്‍ വിപണി സ്ഥിരതയില്‍ തുടരുന്നതിനാൽ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വരെ കുറയാനാണ് സാധ്യത.

പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞതിന്‍റെയും ഓര്‍ഗനൈസേഷന്‍ ഒഫ് പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ് (ഒപെക്) എണ്ണ ഉത്പാദനം ഗണ്യമായി ഉയര്‍ത്തിയതിന്‍റെയും പ്രതിഫലനങ്ങൾ വിപണിയിൽ പ്രകടമായി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 65 ഡോളര്‍ വരെ താഴ്ന്നു. ഇതോടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉത്പാദനച്ചെലവില്‍ ഗണ്യമായ കുറവുണ്ടായി. അടുത്ത മൂന്നു മാസം ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ താഴെ തുടര്‍ന്നാല്‍ ഇന്ത്യയിലും പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത വെല്ലുവിളികളിലൂടെ നീങ്ങുമ്പോള്‍ ഇന്ധന വിലയില്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നാണ് വ്യവസായ സംഘടനകളുടെ ആവശ്യം. വാഹന, മാനുഫാക്ചറിങ് മേഖലയ്ക്ക് ഇന്ധന വില വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. നാല് മാസമായി രാജ്യത്തെ വാഹന വില്‍പ്പന തിരിച്ചടി നേരിടുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നതും ഇന്ധന വിലയിലെ വർധനയാണ്.

റഷ്യയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ക്രൂഡ് ഓയില്‍ ഉപയോഗിച്ച് പൊതുമേഖല, സ്വകാര്യ എണ്ണക്കമ്പനികള്‍ വന്‍ നേട്ടമുണ്ടാക്കുമ്പോഴും രാജ്യത്തെ ചെറുകിട ഉപയോക്താക്കള്‍ പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ഉയര്‍ന്ന വില നല്‍കേണ്ടി വരുകയാണ്. നിലവില്‍ രാജ്യത്തെ മുന്‍നിര റിഫൈനറികള്‍ ഏറെയും റഷ്യയില്‍ നിന്ന് 30% വരെ വിലയിളവോടെ ലഭിക്കുന്ന ക്രൂഡാണ് ഇന്ധന ഉത്പാദനത്തിന് ഉപയോഗിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞതോടെ വരുമാന നഷ്ടം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഡീസല്‍, പെട്രോള്‍ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് രണ്ട് രൂപ കൂട്ടിയിരുന്നു. ഇന്ധന വില വർധനയുടെ അധിക ബാധ്യത ഉപയോക്താക്കള്‍ നേരിടേണ്ടി വന്നില്ലെങ്കിലും വില കുറയുന്നതിന് തടയിടാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ട്രാക്റ്റർ യാത്രയിൽ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ റിപ്പോർട്ട്

ഷാരൂഖിന് ചിത്രീകരണത്തിനിടെ പരുക്ക്

നിയമസഭ ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയ പരിധി; രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

കരുണാനിധിയുടെ മൂത്ത മകൻ മുത്തു അന്തരിച്ചു

യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി; രണ്ടുപേർ പിടിയിൽ