ന്യൂഡൽഹി:കേന്ദ്ര മന്ത്രി എൽ. മുരുകന്‍റെ ഡൽഹിയിലെ വസതിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങൾ പങ്കെടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. കറുത്ത കോട്ടിനൊപ്പം തമിഴ് പരമ്പരാഗത ശൈലിയിൽ മുണ്ടും തോളിൽ ഷാളും ധരിച്ചെത്തിയ പ്രധാനമന്ത്രി പൊങ്കൽ തയാറാക്കുന്നതിൽ പങ്കെടുത്തു. തുടർന്നു പശുവിനു മാല ചാർത്തി. ചടങ്ങിൽ പ്രാർഥനാഗാനം ആലപിച്ച പെൺകുട്ടി കാലിൽ തൊട്ട് അനുഗ്രഹം തേടിയപ്പോൾ ചുമലിലിട്ടിരുന്ന ഷാൾ കുട്ടിക്ക് സമ്മാനിച്ചു.
തുടർന്നു സംസാരിച്ച പ്രധാനമന്ത്രി പൊങ്കൽ ആശംസകൾ നേർന്നു. തിരുവള്ളുവരെ ഉദ്ധരിച്ച് സംസാരിച്ച മോദി ചെറുധാന്യങ്ങളും തമിഴ് പാരമ്പര്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കഴിഞ്ഞ തവണ സംസാരിച്ചത് അനുസ്മരിച്ചു.
പൊങ്കല്‍ ആഘോഷവേളയില്‍ തമിഴ് നാട്ടിലെ സ്ത്രീകള്‍ വീടിനുപുറത്തു വരയ്ക്കുന്ന കോലത്തിന് ഏറെ പ്രാധാന്യമുണ്ട്. മാവ് ഉപയോഗിച്ച് നിലത്ത് നിരവധി കുത്തുകള്‍ ഉണ്ടാക്കിയാണ് അവ രൂപകല്‍പ്പന ചെയ്യുന്നത്. ഓരോ കുത്തും യോജിപ്പിച്ച് അതില്‍ നിറങ്ങള്‍ നിറച്ച് ഒരു വലിയ കലാസൃഷ്ടിയുണ്ടാക്കുമ്പോഴാണ് കോലത്തിന്‍റെ യഥാർഥരൂപം കൂടുതല്‍ ഗംഭീരമാകുന്നത്. രാജ്യത്തിന്‍റെ എല്ലാ കോണുകളും വൈകാരികമായി പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ രാജ്യത്തിന്‍റെ ശക്തി പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
''ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്‍റെ ദേശീയ ചൈതന്യത്തെ പൊങ്കല്‍ ഉത്സവം പ്രതിഫലിപ്പിക്കുന്നു'', കാശി-തമിഴ് സംഗമം, സൗരാഷ്ട്ര-തമിഴ് സംഗമം എന്നിവയിലൂടെ ആരംഭിച്ച പാരമ്പര്യത്തിലും ഇതേ മനോഭാവം കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുമ്പോഴാണ് മോദിയുടെ പൊങ്കൽ ആഘോഷം.