ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെയും രാഹുൽ ഗാന്ധിയെയും പരിഹസിക്കാൻ ബിജെപി ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഷെയർ ചെയ്തവരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. തന്‍റെ ഔദ്യോഗിക എക്സ് പേജിലാണ് പ്രധാനമന്ത്രി ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.
കോൺഗ്രസ് ഉള്ളപ്പോൾ ഇന്ത്യയിൽ മണി ഹെയ്സ്റ്റ് പോലുള്ള ഭാവനകൾ എന്തിന് എന്ന പരിഹാസവുമായാണ് മണി ഹെയ്സ്റ്റ് വെബ് സീരീസിലെ ദൃശ്യത്തിൽ രാഹുൽ ഗാന്ധിയുടെ മുഖം വച്ചു ചേർത്ത ദൃശ്യം ഉൾപ്പെടുന്ന വീഡിയോ പ്രധാനമന്ത്രി പങ്കുവച്ചിരിക്കുന്നത്.
കോൺഗ്രസ് എംപിയുമായി ബന്ധമുള്ള കമ്പനികളിൽനിന്ന് കോടിക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ പിടിച്ചെടുത്തതിന്‍റെ ദൃശ്യങ്ങൾക്കൊപ്പമാണ് മണി ഹെയ്സ്റ്റ് ദൃശ്യങ്ങളിൽ മാറ്റം വരുത്തി ഉൾപ്പെടുത്തിയിരിക്കുന്നത്. നോട്ട് കെട്ടുകൾക്കു മുകളിലേക്കു ചാടുന്ന മണി ഹെയ്സ്റ്റിലെ കഥാപാത്രത്തിന് രാഹുൽ ഗാന്ധിയുടെ മുഖമാണ് വച്ചുപിടിപ്പിച്ചിട്ടുള്ളത്.
കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്‍റെ വീട്ടിലും ഓഫിസുകളിലും നടത്തിയ റെയ്ഡിലാണ് ആദായ നികുതി വകുപ്പ് 353 കോടി രൂപ പിടിച്ചെടുത്തത്. എംപിയുടെ വീട്ടിലെ അലമാരകളിലും മറ്റ് ഫര്‍ണിച്ചറുകളിലും പണം അടുക്കിവച്ച നിലയിലുണ്ടായിരുന്നു. ഇതിന്‍റെ യഥാർഥ ദൃശ്യങ്ങൾക്കൊപ്പമാണ് മണി ഹെയ്സ്റ്റ് ദൃശ്യങ്ങളും വ്യാജമായി ചേർത്തിരിക്കുന്നത്.