സെലെൻസ്കിയെ ചേർത്തു പിടിച്ച് മോദി 
India

ഇന്ത്യ എക്കാലവും സമാധാനത്തിന്‍റെ പക്ഷത്ത്; സെലെൻസ്കിയെ ചേർത്തു പിടിച്ച് മോദി

ചർച്ചയിലൂടെയും നയതന്ത്രമാർഗങ്ങളിലൂടെയും ശാശ്വത സമാധാനം കൈവരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സെലെൻസ്കി വിശദീകരിച്ചു

കീവ്: യുക്രെയ്‌ൻ- റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് നിഷ്പക്ഷമോ നിസംഗമോ അല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ എക്കാലവും സമാധാനത്തിന്‍റെ പക്ഷത്താണ്. ചർച്ചയും നയതന്ത്രവും മാത്രമാണു യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗമെന്നും പ്രധാനമന്ത്രി.

യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള ചർച്ചയ്ക്കുശേഷം ഇരുനേതാക്കളുടെയും സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യ നിലപാടു വ്യക്തമാക്കിയത്. യുദ്ധത്തിന്‍റെ തുടക്കത്തിൽ ഇന്ത്യൻ പൗരന്മാരെയും വിദ്യാർഥികളെയും നാട്ടിലേക്ക് തിരികെയെത്തിക്കാൻ യുക്രെയ്‌ൻ നൽകിയ സഹായത്തിനു മോദി നന്ദി പറഞ്ഞു. യുദ്ധവുമായി ബന്ധപ്പെട്ട് മാനുഷികമായ ഏതു സഹായവും നൽകാൻ ഇന്ത്യ സന്നദ്ധമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ചർച്ചയിലൂടെയും നയതന്ത്രമാർഗങ്ങളിലൂടെയും ശാശ്വത സമാധാനം കൈവരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സെലെൻസ്കി വിശദീകരിച്ചു. യുഎൻ ഉടമ്പടിയുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ രാജ്യങ്ങളുടെ പരമാധികാരവും ഭൂമിശാസ്ത്ര അതിർത്തിയും മാനിക്കേണ്ടതിന്‍റെ പ്രാധാന്യം ഇരുനേതാക്കളും എടുത്തുപറഞ്ഞു. കഴിഞ്ഞമാസം റഷ്യൻ തലസ്ഥാനത്ത് പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു മോദി.

യുക്രെയ്‌നിൽ ഏറ്റവും വേഗം സമാധാനം ഉറപ്പാക്കാനുള്ള എല്ലാ സഹായവും നൽകാൻ ഇന്ത്യ സന്നദ്ധമെന്നു പ്രധാനമന്ത്രി അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. മോദിയുടെ കീവ് സന്ദർശനം നാഴികക്കല്ലെന്നും അദ്ദേഹം.

കാർഷിക- ഭക്ഷ്യ വ്യവസായ മേഖലയിലെ സഹകരണം, മെഡിക്കൽ ഉത്പന്ന നിയന്ത്രണ മേഖലയിലെ സഹകരണം, ഉയർന്ന സ്വാധീനം ചെലുത്തുന്ന സാമൂഹ്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഇന്ത്യൻ മാനുഷിക ധനസഹായം സംബന്ധിച്ച ധാരണാപത്രം, 2024-2028 വർഷങ്ങളിലേക്കുള്ള സാംസ്കാരിക സഹകരണത്തിനുള്ള പരിപാടി എന്നീ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം