അശ്വിൻ കുമാർ സുപ്ര
നോയിഡ: മുംബൈയിൽ ചാവേറാക്രമണ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ബിഹാർ സ്വദേശി അശ്വിൻ കുമാർ സുപ്രയാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ച് വർഷ കാലമായി നോയിഡയിൽ താമസിച്ചുവരികയായിരുന്ന പ്രതിയെ നോയിഡയിലെത്തിയാണ് പൊലീസ് പിടികൂടിയത്. തുടർന്ന് മുംബൈ പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസമായിരുന്നു മുംബൈ പൊലീസ് ഹെൽപ്പ് ലൈനിലേക്ക് ഭീഷണി സന്ദേശമെത്തിയത്. 34 ചാവേറുകൾ മനുഷ‍്യ ബോംബുകളുമായി തയാറാണെന്നും ഒരു കോടി ജനങ്ങളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി.
14 പാക്കിസ്ഥാനി ഭീകരർ ഇന്ത‍്യയിലേക്ക് കടന്നതായും മനുഷ‍്യബോംബുകൾ അടങ്ങിയ 34 കാറുകൾ ഉപയോഗിച്ച് 400 കിലോഗ്രാം ആർഡിഎക്സ് സ്ഫോടനം നടത്തുമെന്നും ഒരു കോടി ജനങ്ങളെ കൊല്ലുമെന്നും ഇയാൾ പറഞ്ഞിരുന്നു.
ലഷ്കർ-ഇ-ജിഹാദി എന്ന ഭീകരവാദ സംഘടനയിൽ അംഗമാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു പ്രതി ഭീഷണി മുഴക്കിയത്. ഭീഷണി സന്ദേശം അയക്കാൻ പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും സിമ്മും മുംബൈ ക്രൈം ബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്.