കേരളത്തിന്റെ പേര് 'കേരളം' എന്നാക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. ഇതോടെ ബില്‍ നിയമമായി മാറി. കേരള സംസ്ഥാനം ഇനി കേരളം എന്ന പേരിലായിരിക്കും അറിയപ്പെടുക.
'കേരള (പേര് മാറ്റല്‍) ബില്‍, 2026' ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് 2024ല്‍ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. പേരുമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം 2024 ജൂണിലാണ് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയത്. തുടര്‍ന്ന് രാഷ്ട്രപതി മുര്‍മു ബില്‍ സംസ്ഥാന നിയമസഭയുടെ അഭിപ്രായത്തിനായി തിരിച്ചയച്ചു. ഇതിന് പിന്നാലെ ബില്ലിനോട് യോജിക്കുന്നതായി നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.
സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള വ്യവസ്ഥകള്‍ക്കൊപ്പം ഭരണഘടനയില്‍ ആവശ്യമായ ഭേദഗതികളും തുടര്‍നടപടികള്‍ക്കുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം ഒന്നാം പട്ടികയില്‍ 'കേരള' എന്ന പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനാണ് ഭേദഗതി വരുത്തുന്നത്.