പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കേരളത്തിലെയും മഹാരാഷ്ട്രയിലെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പ്രകടനമികവിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപി അവസരം നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയുടെ ഭരണമികവാണ് ഈ വിജയം സാധ്യതമാക്കിയത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നവീൻ ചുമതലേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി.
കേരളത്തിൽ ഇടതുപക്ഷത്തിൽ നിന്ന് ജനങ്ങൾ അധികാരം പിടിച്ചെടുത്തത് ബിജെപിയിൽ വിശ്വാസം അർപ്പിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ പേരിൽ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികളെ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കോൺഗ്രസിന്‍റെ കുടുംബ രാഷ്ട്രീയ മാതൃക, ഇടതുപക്ഷ മാതൃക, പ്രാദേശിക പാർട്ടികളുടെ മാതൃക, അസ്ഥിരമായ സർക്കാരുകളുടെ കാലം. എന്നാൽ ഇന്ന് രാജ്യം ബിജെപിയുടെ സ്ഥിരത, സദ്ഭരണം, വികസനം എന്നിവയുടെ മാതൃകയ്ക്കാണ് സാക്ഷ്യം വഹിക്കുന്നുവെന്നും മോദി പറഞ്ഞു. അധികാരം സുഖത്തിനുള്ള മാർഗമായല്ല ബിജെപി കാണുന്നതെന്നും, ജനസേവനത്തിനാണ് മുൻഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം വർധിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.